തിരുവനന്തപുരം: ഇന്നലെ മാത്രം 15 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഇന്നലെ തന്നെയാണ്. ‌‌‌‌ഇതോടെ കേരളത്തിലെ ആകെ രോഗ ബാധിതരുടെ എണ്ണം 67 ആയി. ആദ്യഘട്ടത്തില്‍ സുഖം പ്രാപിച്ച മൂന്ന് പേര്‍ ഒഴികെ 64 പേരും ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങൾ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഈ നിയന്ത്രണങ്ങള്‍ കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ഏറെക്കുറെ നടപ്പാക്കിയിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. 5 പേരിലധികം ഒന്നിച്ചു ചേരുന്നത് തടയണമെന്ന് പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൊതു-സ്വകാര്യ പരിപാടികൾക്കും നിരോധനമുണ്ട്. കോഴിക്കോട് ജില്ലയിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ എണ്ണായിരത്തിലേറെ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.

അടച്ചിടേണ്ട ജില്ലകള്‍

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം. കോഴിക്കോട് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ അടച്ചിടേണ്ട ജില്ലകളുടെ എണ്ണം 11 ആവും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് മാത്രമാണ് ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here