ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലും ചുറ്റുപാടും കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നു പിടിക്കുന്നു. ഏകദേശം 9 ദശലക്ഷം ജനസംഖ്യയുള്ള ന്യൂയോര്‍ക്ക് നഗരം അമേരിക്കയുടെ ‘വുഹാന്‍’ ആയി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ന്യൂയോര്‍ക്കില്‍ ഇതുവരെ 8377 പേര്‍ക്കാണ് കൊവിഡ്-19 പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച അവസാനത്തോടെ നഗരത്തില്‍ മാത്രം 7,500 കേസുകള്‍ സ്ഥിരീകരിച്ചതായി നഗര ആരോഗ്യ വകുപ്പ് അറിയിച്ചു.

ADVERTISEMENT

ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നതും അവിടെ ജോലി ചെയ്യുന്നതും ലോകമെമ്പാടുമുള്ള ആളുകളുടെ സ്വപ്നമാണ്. എന്നാല്‍ കൊറോണ പ്രതിസന്ധി നഗരത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. നഗരത്തില്‍ രാത്രി മുഴുവന്‍ സൈറണുകളുടെ ശബ്ദമാണ് പ്രതിധ്വനിക്കുന്നത്. കൊറോണ വൈറസിനെതിരായി അമേരിക്ക മുഴുവന്‍ പോരാടുകയാണ്.

ഹോട്ടലുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവ താത്ക്കാലിക ആശുപത്രികളും ക്ലിനിക്കുകളുമായി മാറ്റി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ രോഗികളുടെ തിരക്ക് കണക്കിലെടുത്ത്, സൈന്യത്തെയും നാഷണല്‍ ഗാര്‍ഡിനെയും പല ഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ന്യൂയോര്‍ക്ക് നഗരത്തെ മുഴുവന്‍ ഗ്രസിച്ച മട്ടാണ്. നഗരത്തില്‍ തന്നെയാണ് പ്രശസ്തമായ ‘ചൈനാ ടൗണ്‍.’ മുഴുവന്‍ ചൈനീസ് വംശജരാണ് ഇവിടത്തെ താമസക്കാരും ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നവരും. ഇപ്പോള്‍ ഈ നഗരം കൊവിഡ്-19ന്റെ ശക്തികേന്ദ്രമായി മാറുകയാണ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്കിനെ പ്രധാന ദുരന്ത പ്രദേശമായി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ കൊറോണ ബാധിച്ച രോഗികളുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 8300 ആയി ഉയര്‍ന്നു.
ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി ന്യൂയോര്‍ക്ക് നഗരത്തിന് 42 ബില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ ഇതുവരെ 43 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റിന് പൊതുജനാരോഗ്യത്തെ വലിയ ദുരന്തമായി പ്രഖ്യാപിക്കേണ്ടി വരുന്നത്. യുഎസ് ആര്‍മി എഞ്ചിനീയര്‍മാര്‍ ര്‍ ഹോട്ടലുകളെയും കോളേജ് ഹോസ്റ്റലുകളെയും ക്ലിനിക്കുകളാക്കി മാറ്റുകയാണ്. ന്യൂയോര്‍ക്കിലെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സൈന്യത്തിന്‍റെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫുകളിലൊരാള്‍ക്ക് കോവിഡ് 19 ബാധിച്ചതായി കണ്ടെത്തിയിരുന്നു. സ്ഥിതി നിയന്ത്രണവിധേയമായില്ലെങ്കില്‍, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിലും രാജ്യത്തുടനീളവും ട്രംപ് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ പ്രതിസന്ധി വളരെ നിസ്സാരവല്‍ക്കരിക്കാന്‍ ട്രം‌പ് തുടക്കത്തില്‍ ശ്രമിച്ചിരുന്നു. വൈറസ് രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘അമേരിക്ക ലോകത്തിലെ വന്‍ ശക്തിയാണ്, വൈറസിന് ഞങ്ങളെ തോല്പിക്കാനാവില്ല’ എന്ന് വൈറ്റ് ഹൗസിലെ ബ്രീഫിംഗില്‍ അദ്ദേഹം പറഞ്ഞിരുന്നു.

യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും വിദഗ്ധരും ട്രംപിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പകര്‍ച്ചവ്യാധി വലിയ അപകടമൊന്നുമല്ലെന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല, ഈ അപകടത്തെക്കുറിച്ച് മുന്‍‌കൂട്ടി അറിവു ലഭിച്ച നാല് യു എസ് സെനറ്റര്‍മാര്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ അവരുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.

ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ആശുപത്രി കിടക്കകളുടെ കുറവ് ഉണ്ടായാൽ ഞായറാഴ്ചയോടെ ഹോസ്റ്റലുകളില്‍ നിന്ന് മുറികള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

കടപ്പാട് : മൊയ്തീന്‍ പുത്തന്‍‌ചിറ

COMMENT ON NEWS

Please enter your comment!
Please enter your name here