കൊടുങ്ങല്ലൂര്‍: കോവിഡ് 19 സമൂഹവ്യാപന ഘട്ടത്തിലെത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ കൊടുങ്ങലൂർ മീനഭരണി മഹോത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തും. കോമരങ്ങൾ ഉൾപ്പെടെയുളള ആൾകൂട്ടത്തെ ഒഴിവാക്കിയാകും ഇത്തവണ ഉത്സവം നടത്തുക. കൊടുങ്ങല്ലൂർ താലൂക്കിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ മാർച്ച് 29 വരെയാണ് നിരോധനാജ്ഞ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗത്തിലാണ് തീരുമാനം.

ADVERTISEMENT

മീനഭരണി ഉത്സവാഘോഷങ്ങൾ പരിമിതപ്പെടുത്തുന്നതിനോട് സഹകരിക്കുമെന്ന് കോമരങ്ങളുടെ സംഘടന ഭാരവാഹികൾ ഉറപ്പ് നൽകിയതായി മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. മീനഭരണി ഉത്സവ ചടങ്ങുകൾ മുടക്കില്ല. എന്നാൽ ആൾക്കൂട്ടത്തെ അനുവദിക്കില്ല. മനുഷ്യർ സ്വയം നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. കോറോണ വൈറസ് വ്യാപനം തടയാൻ ജനങ്ങൾ ഇടപഴകുന്നത് കുറയ്ക്കുകയാണ് പോംവഴി. വ്യക്തികൾ സ്വയം നിയന്ത്രിക്കണം. അപൂർവ്വം ചിലർ, അല്ലാതെ പെരുമാറിയതാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. മീനഭരണ ഉത്സവാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന കോഴിക്കല്ല് മൂടലിൽ പ്രതീക്ഷച്ചതിലേറെ ആൾകൂട്ടമെത്തിയിരുന്നു. കൊറോണ വ്യാപന ഘട്ടത്തിൽ ഇത്തരത്തിലുളള ആൾക്കൂട്ടസമ്പർക്കം രോഗം പടരാൻ ഇടയാക്കുമെന്ന് യോഗം വിലയിരുത്തി.

കാവുതീണ്ടാൻ അധികാരമുളള കുടുംബത്തിൽ ഒരംഗം മാത്രം പങ്കെടുത്ത് കാവുതീണ്ടൽ ചടങ്ങ് പൂർത്തിയാകും. പൂജയ്ക്ക് പങ്കെടുക്കേണ്ട രാജകുടുംബാംഗങ്ങളുടെ അനുചരന്മാരുടെയും എണ്ണവും പരിമിതപ്പെടുത്തും. അന്യജില്ലകളിൽ നിന്നുളള കൊടുങ്ങല്ലൂർക്കുളള ഭക്തജന പ്രവാഹം ഒഴിവാക്കാൻ വിശ്വാസികൾ സ്വയം മുന്നോട്ട് വരണമെന്ന് മന്ത്രി എ സി മൊയ്തീൻ അഭ്യർത്ഥിച്ചു. യോഗത്തിൽ വി ആർ സുനിൽകുമാർ എംഎൽഎ, റൂറൽ എസ്പി കെ പി വിജയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ ബി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവാഘോഷങ്ങൾ നിയന്ത്രിക്കാൻ മൂന്ന് ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകിയതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here