തിരുവനന്തപുരം: കൊറോണ വെെറസ് സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകൾ ഉൾപ്പെടെയുള്ള രാജ്യത്തെ 75 ജില്ലകളും അടച്ചിടാൻ കേന്ദ്ര നിർദേശം. കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നിർദേശം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ അടച്ചിടാനാണ് തീരുമാനം. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് അതിർത്തികൾ ഇന്ന് അടയ്ക്കും. പുതുച്ചേരി അതിർത്തിയും അടച്ചിടും. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിറുത്തി.

അതേസമയം, തമിഴ്നാട്ടിൽ കർഫ്യൂ നാളെ പുലർച്ചെ അ‌ഞ്ച് മണി വരെ തുടരും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് തമിഴ്നാട് സർക്കാർ അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്താകെ മെട്രോ സർവീസുകൾ നിറുത്തിവയ്ക്കും. അന്തർ സംസ്ഥാന ബസ് സർവീസുകളും നിറുത്തിവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകളിൽ അവശ്യ സവീസുകൾ മാത്രമേ നടത്തൂ. കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് ആറാമത്തെ കോവിഡ് മരണം ബിഹാറിലാണ് സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇയാൾക്ക് കിഡ്നിക്ക് സുഖമില്ലാത്തയാളായിരുന്നുവെന്നാണ് റിപ്പോർ‍ട്ട്. രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ പോയി വന്നതിന് ശേഷമാണ് ഇയാൾക്ക് കൊറോണ ബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here