കൊവിഡ്19 പ്രതിരോധം; ജനക്കൂട്ടം ഒഴിവാക്കാൻ നിരോധനാജ്ഞ.

തിരുവനന്തപുരം: കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നറിയിച്ചുള്ള ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി.അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പിൽ കർശനനടപടി എടുക്കണം. എല്ലാ സ്വകാര്യ ആശുപത്രികളുടെയും ബെഡ്, വെന്റിലേറ്റർ, കൊവിഡ് ചികിത്സ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം, കൊവിഡ് നിയന്ത്രണ നിർദ്ദേശം ലംഘിച്ചതിന് വയനാട് കമ്പളക്കാട് സൂപ്പർമാർക്കറ്റിനെതിരെ കേസെടുത്തു. സൂപ്പർമാർക്കറ്റിൽ വലിയ ആൾത്തിരക്കായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ടം നിയന്ത്രിക്കാൻ കടയുടമ തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് നടപടി. കോഴിക്കോട് നാദാപുരത്ത് 200ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. കാസർകോട് രോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്ക് എതിരെയും ഇന്ന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് കേസ് എടുത്തത്. പാലക്കാട്ട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി സഞ്ചരിച്ച അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. വടക്കഞ്ചേരിയിൽ മറ്റൊരാൾക്ക് രോഗമുണ്ടെന്ന് സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഇതിനു പുറമെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലംഘിച്ച് ഉത്സവവും ആരാധനയും നടത്തിയതിന് 13 കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ക്ഷേത്രോത്സവവും ഘോഷയാത്രയും സംഘടിപ്പിച്ചതിന് മലയിൻകീഴ്, അഞ്ചൽ, കുറവിലങ്ങാട,വെള്ളായണി എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പള്ളിയിലും മോസ്‌കിലുമായി പ്രാർത്ഥനകൾ സംഘടിപ്പിച്ചതിന് ഒല്ലൂർ, വൈത്തിരി, കൽപറ്റ,നീലേശ്വരം എന്നീ സ്റ്റേഷനുകളിലുമാണ് കേസ്. കണ്ണൂരിലും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. മലയിൻകീഴ് ക്ഷേത്ര ഭാരവാഹികളായ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങൾക്കിടെ ആറാട്ട് നടത്തിയതിന് നേരത്തെ തന്നെ കേസ് എടുത്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ദുരന്ത നിവാരണ ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ക്ഷേത്രം ഉത്സവ സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നേരിട്ട് ഹാജരാകാനും ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് വെള്ളായണി ക്ഷേത്രം ഉത്സവക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ പൊലീസ് കേസ് എടുത്തത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here