തിരുവനന്തപുരം: കേരളത്തില്‍ സ്ഥിതി ഗുരുതരം . കേരളം മുഴുവനായും ലോക്ക് ഡൗണിലേയ്ക്ക് കടക്കണം. സംസ്ഥാനത്തിന് അതീവജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ മുഴുവന്‍ ആളുകളള്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും ഐഎംഎ അറിയിച്ചു. സംസ്ഥാനം പരിപൂര്‍ണ്ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കമമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമൂഹവ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകള്‍ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈകൊളളുകയും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാം നിരയായി മാറ്റിനിര്‍ത്തിക്കൊണ്ട് പകര്‍ച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാന്‍ നിലവില്‍ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയോട് ഈക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും, തീയറ്റര്‍ മുറികളും ഇതിനായി സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള ഡോക്ടര്‍മാരോട് കഴിവതും രോഗം പകരാന്‍ സാധ്യതയുള്ള ഉള്ള രംഗങ്ങളില്‍ നിന്നും മാറി നില്‍ക്കുവാന്‍ ഐഎംഎ നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here