ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ വിജനമായി ക്ഷേത്ര വീഥികള്‍ . ക്ഷേത്രത്തിന്‍റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത് . പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനം ക്ഷേത്രത്തിന്‍റെ ഉടമസ്ഥ അവകാശത്തെ ചൊല്ലി സാമൂതിരി രാജാവും മല്ലിശേരി കാരണവരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ക്ഷേത്രം ആദ്യമായി അടച്ചിടുന്നത്. സാമൂതിരിയെ ട്രസ്റ്റിയും മല്ലിശ്ശേരിയെ കോട്രസ്റ്റിയും ആയി നിശ്ചയിച്ചാണ് മദ്രാസ്‌ ഹൈക്കോടതി തര്‍ക്കത്തില്‍ അന്ന്‍ തീര്‍പ്പ്‌ കല്‍പ്പിച്ചത് .

പിന്നീട് 1932ലാണ് ഗുരുവായൂർ ക്ഷേത്രം വീണ്ടും അടച്ചിട്ടത്. കെ. കേളപ്പന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ നേരിടാനാണ് അന്ന് ക്ഷേത്രമടച്ചത്. ഇപ്പോള്‍ കോവിഡ് 19 ബാധയെ ചെറുക്കാനാണ് ക്ഷേത്രത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് . രാവിലെ കിഴക്കേ നടപുരയിലെക്ക് പോലും പ്രവേശനം അനുവദിച്ചിരുന്നില്ല . കിഴക്കേ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് ഭഗവാനെ തൊഴാന്‍ പലര്‍ക്കും സാധിച്ചില്ല . രാവിലെ പത്തേമുക്കാലോടെ ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രനട അടച്ചു .

വൈകീട്ട് പതിവ് പോലെ നട തുറന്നു ദീപാരാധനയും ശീവേലിയും അത്താഴപൂജയും കഴിഞ്ഞ് നേരത്തെ നട അടച്ചു .,കിഴക്കേ നടയില്‍ രാമകൃഷ്ണലഞ്ച് ഹോം ,ആര്യഭവന്‍ ,കോഫീ ഹൗസ് തുടങ്ങി നാല് ഹോട്ടലും , തെക്കേ നടയില്‍ ജയന്തി ടീ സ്റ്റാളും മാത്രമാണ് തുറന്ന്‍ പ്രവര്‍ത്തിച്ചത് . ക്ഷേത്രത്തിലെ ഉദയാസ്തമനപൂജ, വിവാഹം, ചോറൂണ്, വാഹനപൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും നിർത്തി വെച്ചു. നേരത്തെ ബുക്ക് ചെയ്ത ഇത്തരം ചടങ്ങുകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും . ഇതിന്‍റെ ചുവട് പിടിച്ച് ഓഫീസ് ഗണപതിയുടെ പൂജയും നിര്‍ത്തി വെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here