ഗുരുവായൂര്‍ : വിദേശത്ത് നിന്ന് വന്ന് ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയ ഭക്തനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു . സൌദിഅറേബ്യയില്‍ നിന്ന് നാട്ടിലെത്തി ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയ ഇയാളെ പരിശോധനയില്‍ ശരീര ഊഷ്മാവ് കൂടുതല്‍ എന്ന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആക്കിയത് .

ADVERTISEMENT

ക്ഷേത്രം തുറക്കുന്ന പുലര്‍ച്ചെ സമയത്ത് ക്ഷേത്ര നടയില്‍ ജോലി ചെയ്യാന്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് . രാവിലെ രണ്ടു മണിക്ക് ജോലിക്ക് എത്താന്‍ പലരും വൈമനസ്യം പ്രകടിപ്പിക്കുന്നതയാണ് ആക്ഷേപം . ക്ഷേത്രം പടിഞ്ഞാറെ നടയില്‍ പതീറ്റാണ്ടുകള്‍ ആയി തമ്പടിച്ചിരുന്ന വയോധികയെ ദേവസ്വം ആശുപത്രിയിലേക്ക് മാറ്റി . പത്തനംതിട്ട സ്വദേശിനി രാജമ്മാള്‍ 92 നെയാണ് ഡപ്യുട്ടി കളക്ടര്‍ എം ബി ഗിരീഷ്‌ , ടെമ്പിള്‍ സി ഐ പ്രേമാനന്ദ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയത് . വിരമിച്ച നഴ്സ് ആണ് രാജമ്മാള്‍ എന്ന് പറയുന്നു . ക്ഷേത്രത്തിലെ അന്നദാനം നിറുത്തിയപ്പോള്‍ ഇവര്‍ക്കുള്ള ഭക്ഷണ ലഭ്യത ഇല്ലാതായിരുന്നു

അതേസമയം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 3366 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ ഉളളത്. വീടുകളിൽ 3336 പേരും ആശുപത്രികളിൽ 30 പേരും നിരീക്ഷണത്തിലുണ്ട്. വ്യാഴാഴ്ച (മാർച്ച് 19) നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏഴു പേരെ ഡിസ്ചാർജ്ജ് ചെയ്തു. 20 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 356 സാമ്പിളുകളാണ് ഇതു വരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 316 എണ്ണത്തിന്റെ ഫലം വന്നു. 40 പേരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട്. ഒടുവിൽ ലഭിച്ച 36 പരിശോധന ഫലവും നെഗറ്റീവാണ്.

റെയിൽവേ സ്റ്റേഷനുകളടക്കമുളള ഹെൽപ്പ് ഡസ്‌ക്കുകളിൽ ആളുകളെ സ്‌ക്രീൻ ചെയ്തതിനെ തുടർന്ന് 26 പേരെ ആശുപത്രികളിലേക്ക് പരിശോധനയ്ക്ക് അയച്ചു. 106 പേരെ വീടുകളിലേക്കും നിരീക്ഷണത്തിന് അയച്ചു. വാർഡ് തലത്തിൽ ജനമൈത്രി പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം ഗൃഹസന്ദർശനം തുടരുകയാണ്. വ്യാഴാഴ്ച 2516 വീടുകളിൽ ഇപ്രകാരം സന്ദർശനം നടത്തി. നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുളളവർ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നാണ് സംഘം പരിശോധിക്കുക. ബോധവൽക്കരണ പ്രവർത്തനങ്ങളും ഭവനസന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കെഎസ്ആർടി സ്റ്റാൻഡ്, ശക്തൻ ബസ് സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ് എന്നിവിടങ്ങളിൽ വളണ്ടിയർമാർ ലഘുലേഖകൾ വിതരണം ചെയ്തു. ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങ്ങ്, ഗവ. നഴ്‌സിങ്ങ് കോളേജ്, ഡിടിപിസി, പ്രളയാനന്തര സന്നദ്ധ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ലഘുലേഖകൾ നൽകിയത്.

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി സാനിറ്റൈസർ കിയോസ്‌ക്കുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. പൊതുകേന്ദ്രങ്ങളിൽ കൈ കഴുക്കുന്നതിനുളള സൗകര്യം വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ലഘുലേഖകൾ വിതരണം ചെയ്തു. മാസ്‌ക്, തൂവാല എന്നിവ ധരിക്കേണ്ടതിന്റെ പ്രാധാന്യം ബോധവൽക്കരണപരിപാടികളിൽ പ്രത്യേകം സൂചിപ്പിക്കുന്നു

പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല തുടക്കമിട്ട ക്ലീൻ ഹാൻഡ് ചാലഞ്ചിന്റെ ഭാഗമായി ഗുരുവായൂർ കിഴക്കേ നടയിലും, ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിലും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. . ടിക്കറ്റ് കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here