ഗുരുവായൂർ: ക്ഷേത്രനടയിൽനിന്ന് കൂടുതൽപേരെ പുനരധിവസിപ്പിക്കേണ്ട സാഹചര്യം ഭരണകൂടത്തിന് വെല്ലുവിളിയാകുന്നു. ചൊവ്വാഴ്ച രാത്രി 43 അഗതികളെ നഗരസഭയുടെ അഗതിമന്ദിരത്തിൽ പുനരധിവസിപ്പിച്ചു. ഇതിൽ രണ്ടുപേരെ ബുധനാഴ്ച അവരുടെ വീടുകളിലേക്കെത്തിച്ചു. അഞ്ചുപേർ വീടുകളിലേക്ക് പോകാൻ തയ്യാറായിട്ടുണ്ടെന്നും അവരുടെ വീടുകളിലെ സ്ഥിതി മനസ്സിലാക്കിയശേഷമേ പറഞ്ഞയയ്ക്കൂവെന്നും ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ് പറഞ്ഞു. ഇതിനുപുറമേ, പുനരധിവസിപ്പിക്കേണ്ട സാഹചര്യത്തിൽ കഴിയുന്ന 40 പേരുടെ വിവരങ്ങൾ കൂടി സാമൂഹിക ക്ഷേമ വകുപ്പുദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. അവരെ എവിടെ സംരക്ഷിക്കുമെന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.

ADVERTISEMENT

ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിൽ മുൻപുള്ള അന്തേവാസികളടക്കം ഇപ്പോൾ 64 പേരായി. അവർക്ക് എല്ലാവർക്കും താമസിക്കാനുള്ള സൗകര്യക്കുറവാണ് പ്രശ്‌നം. വരാന്തയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി ‘വാർഡുകൾ’ തയ്യാറാക്കി. എട്ട് ശൗചാലയങ്ങളാണുള്ളത്. അതിൽ ചിലത് ഉപയോഗിക്കാൻ പറ്റാത്തതുമാണ്. അവ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നേരെയാക്കും.

ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളും അനുബന്ധ ഇനങ്ങളും ദേവസ്വം എത്തിക്കാമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് നഗരസഭയെ അറിയിച്ചു. അഗതികളുടെ ആരോഗ്യസംരക്ഷണത്തിനുവേണ്ട പ്രവർത്തനങ്ങളും അഗതിമന്ദിരത്തിൽ ഊർജിതമാക്കി. കൈകഴുകാൻ സോപ്പുലായനിയും പ്രതിരോധ മരുന്നുകളും നൽകി. ഓരോരുത്തരേയും പരിശോധിച്ചു. അവർക്കുള്ള മുഖാവരണം എത്തിക്കാമെന്ന് പല സംഘടനകളും അറിയിച്ചിട്ടുണ്ട്. അഗതികളെ ഓരോരുത്തരായി വിളിച്ച് പ്രത്യേകം കൗൺസിലിങ് നടത്തുകയും അവരുടെ വീടുകളിലെ സാഹചര്യങ്ങൾ അറിയാൻ പ്രത്യേകം യോഗം ചേരുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷിന്റെ അധ്യക്ഷതയിൽ അഗതിമന്ദിരത്തിൽ തന്നെയായിരുന്നു ഇത്. നഗരസഭ ചെയർപേഴ്‌സൺ എം. രതി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈലജ ദേവൻ, കെ.വി. വിവിധ്, ഗുരുവായൂർ എ.സി.പി. ബിജു ഭാസ്‌കർ, ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണൻ, ദേവസ്വം സെന്റർ സൂപ്രണ്ട് ഡോ.എം.വി. മധു, സാമൂഹിക ക്ഷേമ വകുപ്പിന്റേയും വനിത-ശിശു സംരക്ഷണ വകുപ്പിന്റേയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കൊറോണ ജാഗ്രതയുള്ള സാഹചര്യത്തിൽ ദേവസ്വത്തിന്റെ പ്രസാദ ഊട്ട് നിർത്തിവെച്ചതുമൂലം പട്ടിണിയിലായതുകൊണ്ടാണ് ക്ഷേത്രപരിസരത്തുള്ള അഗതികളെ പുനരധിവസിപ്പിക്കേണ്ടിവന്നത്. അതിനിടെ ക്ഷേത്രക്കുളവും അടച്ചതോടെ അവർ വല്ലാതെ പ്രയാസത്തിലായി.

COMMENT ON NEWS

Please enter your comment!
Please enter your name here