തൃശൂര്‍ : കോവിഡ്-19 സംബന്ധിച്ച് ഓരോ നിമിഷവും ജാഗ്രത പാലിച്ചിലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19 വ്യാപനം അസാധാരണമായ ആരോഗ്യസുരക്ഷാ ഭീഷണിയാണ് ലോകത്താകെ ഉയര്‍ത്തിയിരിക്കുന്നത്. നമ്മുടെ രാജ്യവും സംസ്ഥാനവും അതില്‍ നിന്ന് മുക്തമല്ല. കേരളത്തില്‍ ബുധനാഴ്ചവരെ 27 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ മൂന്നു പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി. കാല്‍ലക്ഷത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ബഹുഭൂരിപക്ഷവും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടതോ വിദഗ്ദ്ധരുടെ കൈകളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതോ അല്ല. സാഹചര്യങ്ങള്‍ അസാധാരണമാകുമ്പോള്‍ അസാധാരണമായ പ്രതിരോധ മാര്‍ഗങ്ങള്‍ നാം സ്വീകരിക്കേണ്ടി വരും. സമൂഹം ഒറ്റക്കെട്ടായി കൂട്ടായി നീങ്ങണം. നാം പുലര്‍ത്തുന്ന അതീവ ജാഗ്രതയുടെയും കരുതലിന്‍റയും ഫലമാണ് രോഗ പ്രതിരോധത്തില്‍ ഇതുവരെ നേടിയ നിര്‍ണ്ണായകമായ മുന്നേറ്റം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ നമ്മെ ഈ അതിജീവന പ്രവര്‍ത്തനങ്ങളില്‍ കരുത്തരാക്കുന്നു. ഭീതിയോ സംഭ്രാന്തിയോ ഉണ്ടാകേണ്ട സാഹചര്യം നിലവിലില്ല എന്ന് പൊതുവെ പറയാം.

അതിന്‍റെ അര്‍ത്ഥം ജാഗ്രതയില്‍ കുറവ് വരാന്‍ പാടില്ല എന്നാണ്. ജാഗ്രതയില്‍ ഒരു ചെറിയ പിഴവ് വന്നാല്‍ പോലും കാര്യങ്ങള്‍ വഷളാകും. നമ്മുടെ നാട്ടിലെ ജനജീവിതം സാധാരണഗതിയില്‍തന്നെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഇടപെടല്‍ നടത്താനാകുന്നതും ഉത്തരവാദിത്വം നിര്‍വഹിക്കാനാകുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അവയിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ്. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് നമ്മുടെ ഇടപെടല്‍. ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാന്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും ഒപ്പം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here