ഗുരുവായൂരിലെ അഗതികൾക്ക് നന്മയുടെ കൈകൾ ആശ്രയമാകുന്നു.

ഗുരുവായൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദഊട്ട് നിർത്തിവെച്ചതോടെ പട്ടിണിയിലായ അഗതികൾക്ക് നന്മയുടെ കൈകൾ ആശ്രയമാകുന്നു. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ ഗുരുവായൂർ ദേവസ്വവും നഗരസഭയും ചേർന്ന് അഗതികളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിതന്നെ 43 അഗതികളെ നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് മാറ്റി.

പ്രായമായവരെ സംരക്ഷിക്കുന്ന സംഘടനയായ ബന്ന്യാൻ, വനിതാ ശിശു സംരക്ഷണകേന്ദ്രം എന്നിവയുടെ ഹോം പ്രതിനിധികൾ ക്ഷേത്രനടകളിൽ കഴിയുന്ന അഗതികളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇവരെ ബുധനാഴ്ച മാറ്റാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കളക്ടറുടെ അടിയന്തര ഉത്തരവിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിതന്നെ മാറ്റുകയായിരുന്നു.

ബാക്കിയുള്ളവരെ അടുത്തദിവസം മാറ്റും. കണക്കെടുപ്പിന് സാമൂഹികക്ഷേമ വകുപ്പുദ്യോഗസ്ഥർ എത്തിയപ്പോൾ അഗതികളായി കഴിയുന്നവർ തങ്ങൾക്ക് എത്രയുംവേഗം ഭക്ഷണം ലഭിക്കാൻ സൗകര്യം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ് കളക്ടർ എസ്. ഷാനവാസിനെ അറിയിച്ചു. അതോടെ രാത്രിതന്നെ അഗതികൾക്ക് സൗകര്യമൊരുക്കാൻ കളക്ടർ ഉത്തരവിട്ടു. ക്ഷേത്രത്തിലെ പ്രസാദഊട്ട് ആശ്രയിച്ചുകഴിയുന്ന 60 പേർ ഉണ്ടെന്നാണ് കണക്ക്.

കൊറോണ ജാഗ്രതയുള്ള സാഹചര്യത്തിൽ അഗതികളുടെ ആരോഗ്യസുരക്ഷകൂടി കണക്കിലെടുത്താണ് പുനരധിവാസം നൽകാൻ തീരുമാനിച്ചത്. നഗരസഭയുടെ അഗതിമന്ദിരത്തിൽ അവശരായ 60 വയസ്സിനു മുകളിലുള്ളവരെയാണ് പ്രവേശിപ്പിക്കാറ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അഗതിമന്ദിര പ്രവേശനക്കാര്യത്തിൽ ഇളവുകൾ അനുവദിക്കാമെന്ന് നഗരസഭാ ചെയർപേഴ്‌സൺ എം. രതി പറഞ്ഞു.

അഗതിമന്ദിരത്തിലും കുറൂരമ്മഭവനിലും സൗകര്യക്കുറവ് അനുഭവപ്പെട്ടാൽ താമരയൂരിലെ ദേവസ്വത്തിന്റെ ഫ്ളാറ്റിൽ സംവിധാനം ഒരുക്കാമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്‌ അറിയിച്ചു.

ജീവിതസായാഹ്നങ്ങളിൽ ഭജനയും പ്രാർഥനയുമായി ക്ഷേത്രനടകളിൽ കഴിഞ്ഞുകൂടുന്ന നിരവധി പേരുണ്ട്. ക്ഷേത്രക്കുളത്തിൽ കുളിച്ച് ക്ഷേത്രം വക ഭക്ഷണം കഴിച്ച് കാലങ്ങളായി കഴിയുന്നവർ. തീർഥക്കുളത്തിന്റെ മതിലിനോടു ചേർന്നാണ് അവരുടെ ‘താമസ’ ഇടങ്ങൾ. കൊറോണ ജാഗ്രത കാരണം പ്രസാദ ഊട്ട് നിർത്തലാക്കുകയും ക്ഷേത്രക്കുളം അടച്ചിടുകയും ചെയ്തതോടെ അവരുടെ ജീവിതചര്യ താളംതെറ്റി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പട്ടിണിയായിരുന്നു.

ആദ്യമായാണ് അഗതികൾക്ക് ഇങ്ങനെയൊരു സാഹചര്യം വരുന്നത്. എന്നാൽ ക്ഷേത്രപരിസരം വിട്ട് പുതിയ കൂടാരങ്ങളിലേക്ക് പോകാൻ തയ്യാറാകാത്തവരെ ബലം പ്രയോഗിച്ച് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ അധികൃതർ വ്യക്തമാക്കി. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, തഹസിൽദാർ സി.എസ്. രാജേഷ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ശങ്കുണ്ണിരാജ്, ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണൻ, ദേവസ്വം മെഡിക്കൽ സെന്റർ സൂപ്രണ്ട് എം.വി. മധു തുടങ്ങിയവരും പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *