ഗുരുവായൂര്‍ : നഗരസഭയുടെ 33-ാം വാര്‍ഡില്‍ വരുംതലമുറയ്ക്ക് കൂടി ഉപകാരപ്രദമാകും വിധം ഒരു വലിയ കുളം നിര്‍മ്മിക്കുന്നു.. ഒന്നര വര്‍ഷം മുന്‍പാണ് കോട്ടപ്പടി തരകന് ലാസര്‍ എന്നയാള്‍ തന്റെ ഭൂമിയിലെ കുളം പൊതു ഉപയോഗത്തിനായി നഗരസഭയ്ക്ക് വിട്ടുനല്‍കിയത്. കഴിഞ്ഞ വര്‍ഷം നഗരസഭ കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി കുളം നവീകരണത്തിനായി നടപടി ആരംഭിച്ചു. 26 സെന്റ് സ്ഥലത്തെ കുളം ആഴം കൂട്ടി വശങ്ങള് നല്ല രീതിയില്‍ തന്നെ കരിങ്കല്ല് കെട്ടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരിത്തിരിക്കുന്നത്. കുളത്തില്‍ നിന്ന് മണ്ണ് നീക്കുകയും വലിയ ലോറികളില്‍ കൊണ്ടുവരുന്ന കരിങ്കല്ല് പണിസ്ഥലത്തെത്തിക്കുകയും ചെയ്യുന്നത് ജെസിബിയുടെ സഹായത്തോടെയാണ്. ഡ്രൈവര്‍മാരുള്‍പ്പെടെ 10 ഓളം തൊഴിലാളികളാണ് കുളം നിര്‍മ്മാണത്തില്‍ സജീവമായിട്ടുള്ളത്. ഒരു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭ നേതൃത്വവും എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും നിര്‍മ്മാണം നിരീക്ഷിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് കുളം ആഴം കൂട്ടി സംരക്ഷിക്കപ്പെടുന്നതോടെ പരിസരത്തെ വീട്ടുകിണറുകളില്‍ ജലലഭ്യത കൂടി ഉറപ്പുവരുത്താനാകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അനീഷ്മ ഷനോജ് പറഞ്ഞു.
