കൊച്ചി വിമാനത്താവളത്തിൽ ആൾക്കൂട്ടം ഗുരുതരവീഴ്ച: തുറന്നടിച്ച് പി.സി. വിഷ്ണുനാഥ്.

കൊച്ചി: വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ടിവി റിയാലിറ്റി ഷോയിലെ താരം രജിത്ത് കുമാറിന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ എത്തിയവർക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. യാതൊരുവിധ സുരക്ഷയുമില്ലാതെ ഈ ആൾക്കൂട്ടം അവിടെ തടിച്ചുകൂടുമ്പോൾ എവിടെയായിരുന്നു ജില്ലാ ഭരണകൂടമെന്ന് അദ്ദേഹം ചോദിക്കുന്നു.
‘റിയാലിറ്റി ഷോയിൽ നിന്നും പുറത്തുവന്ന മത്സരാർത്ഥിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഗുരുതര വീഴ്ചയാണെന്നതിൽ തർക്കമില്ല. വിവാദമായപ്പോൾ 78 പേർക്കെതിരെ കേസെടുത്തു എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. യാതൊരുവിധ സുരക്ഷയുമില്ലാതെ ഈ ആൾക്കൂട്ടം അവിടെ തടിച്ചുകൂടുമ്പോൾ എവിടെയായിരുന്നു ജില്ലാ ഭരണകൂടം? എവിടെയായിരുന്നു വിമാനത്താവള സുരക്ഷാ ചുമതലയുള്ള സി ഐ എസ് എഫ് ? എല്ലാ സുരക്ഷാ മാനദണ്ഡവും ലംഘിച്ച ശേഷം കേസ്കൊണ്ട് എന്ത് ഫലം ? ഈ ആൾക്കൂട്ടത്തിന്റെ വരവ് ഉണ്ടായത് സമൂഹമാധ്യമങ്ങളിൽ മുൻകൂർ പ്രഖ്യാപിച്ചിട്ടായിരുന്നു. എന്നിട്ടും സംസ്ഥാന ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചുംഎന്തെടുക്കുകയായിരുന്നു..?’ വിഷ്ണുനാഥ് ചോദിക്കുന്നു.