ഗുരുവായൂർ: ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാതെ ക്ഷേത്ര ആഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും മുൻകൈയ്യെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ . സി മൊയ്തീൻ. ഗുരുവായൂർ , കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക് ക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഗുരുവായൂർ മുൻസിപ്പൽ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പടരുന്നത് തടയാൻ സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു . ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കൂട്ടം കൂടിയുള്ള യാത്ര ഒഴിവാക്കാനും വിവാഹം , ആരാധന , ചോറൂണ് തുടങ്ങിയവയ്ക്ക് നിയന്ത്രിതമായ തോതിൽ മാത്രം ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു . ഗുരുവായൂർ ക്ഷേത്രത്തിൽ വരുന്ന വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും ലോഡ്ജുകളിൽ രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കും . ഗുരുവായൂരിലെ അഗതി മന്ദിരം , ബാലികാ സദനം എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ഡോക്ടറെ നിയമിക്കാനും അവർക്ക് ശുചിയായ ഭക്ഷണമൊരുക്കാനും നഗരസഭയെ ചുമതലപ്പെടുത്തി . തട്ടു കടകൾ നിയന്ത്രിക്കുക , ഭക്ഷണ ശുചിത്വം ഉറപ്പുവരുത്തുക , മാലിന്യ സംസ്കരണം നിരീക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും നിർദേശം നൽകി . വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് അടിയന്തിരമായി ആരോഗ്യ സമിതി രൂപീകരിക്കും . ആശാ വർക്കർമാരേയും കുടുംബശ്രീ പ്രവർത്തകരേയും ഉൾപ്പെടുത്തി അംഗനവാടികളിൽ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും . കൊടുങ്ങല്ലൂരിൽ മാർച്ച് 20 മുതൽ 28 വരെ നടക്കാനിരിക്കുന്ന ഭരണി മഹോത്സവത്തോടനുബന്ധിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും . സാധാരണ ഗതിയിൽ വൻതോതിൽ ജനങ്ങൾ പങ്കെടുക്കുന്ന ഉത്സവം ഇത്തവണ പരിമിതപ്പെടുത്താനാണ് തീരുമാനം . ഉത്സവം ആചാരങ്ങൾ മാത്രമാക്കി ചുരുക്കാൻ എം . എൽ . എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട് . മാധ്യമങ്ങൾ , വിവിധ കക്ഷിരാഷ്ട്രീയ സംഘടനകൾ എന്നിവ മുഖേന ജനങ്ങളെ കാര്യഗൗരവം ബോധ്യപ്പെടുത്തും . പാലക്കാട് , കണ്ണൂർ , കോഴിക്കോട് , ആലപ്പുഴ , കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ള ഭക്തരെ നിയന്ത്രിക്കുന്നത് അതത് ജില്ലാ കളക്ടർമാരുമായി ചർച്ച ചെയ്യും . ശുദ്ധജല വിതരണത്തിന് പൈപ്പുകൾ , ഓരോ മണിക്കൂറും ഇടവിട്ട് വൃത്തിയാക്കുന്ന ശൗചാലയങ്ങൾ എന്നിവ ഉറപ്പ് വരുത്താം . പുറത്ത് നിന്ന് വരുന്ന ഭക്തർ സാധാരണയായി പറമ്പുകളിലും മറ്റും ഷെഡ് കെട്ടി താമസമാകുന്നത് നിയന്ത്രിക്കും . എല്ലാ മേഖലകളുടേയും പ്രതിനിധികളെ വിളിച്ചു . അവശ്യ സമയങ്ങളിൽ നിർദേശം നൽകാനും യോഗം തീരുമാനിച്ചു . കെ . വി അബ്ദുൾ ഖാദർ എം . എൽ . എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി . ആർ സുനിൽ കുമാർ എം . എൽ . എ , ജില്ലാ കളക്ടർ എസ് ഷാനവാസ് , ഗുരുവായൂർ മുൻസിപ്പൽ ചെയർപേഴ്സൺ രതി , കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർമാൻ കെ ആർ ജൈത്രൻ , ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ . ബി മോഹൻദാസ് , കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ എം . ബി മോഹനൻ , ഡെപ്യൂട്ടി കളക്ടർ ഗിരീഷ് , ഡി .എം. ഒ , നഗരസഭ ആരോഗ്യ വകുപ്പ് പ്രവർത്തകർ , പോലീസ് മേധാവികൾ , കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here