ഗുരുവായൂർ: ഗുരുവായൂരില്‍ ഇന്ന് ആറാട്ട്. ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവം ഇന്ന് വൈകുന്നേരം നടക്കുന്ന ആറാട്ടോടെ സമാപിക്കും. ആറാട്ട് ദിവസമായ ഇന്ന് വൈകി ഉണര്‍ന്ന ഗുരുവായൂരപ്പന്‍ ആചാരമനുസരിച്ച് പശുക്കുട്ടിയെ കണി കണ്ടു. ഇന്നു വൈകിട്ടു നാലരയോടെ ആറാട്ട് ചടങ്ങുകള്‍ തുടങ്ങും. നാലരയ്ക്ക് നടതുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ചെടുത്തശേഷം പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിക്കും.

ADVERTISEMENT

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ജാഗ്രതയോടെയാണ് ഉത്സവം നടന്നത്. ഭക്തജനങ്ങളുടെ ആഹ്ളാദാരവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും കെങ്കേമമാവേണ്ടിയിരുന്ന പള്ളിവേട്ടയും ഗ്രാമപ്രദക്ഷിണവും ഇത്തവണ ശുഷ്കമായിരുന്നു. തിടമ്പും സ്വർണക്കോലവുമായി ഗ്രാമ പ്രദക്ഷിണത്തിനായി ഭഗവാന്റെ പുറത്തേക്കെഴുന്നള്ളിപ്പ്. അഞ്ചാനകൾ നിരക്കുന്ന എഴുന്നള്ളിപ്പ് 3 ആനകളെ മാത്രമാക്കി ചുരുക്കിയാണ് നടത്തിയത്. പരമ്പരാഗത പരിചാരകൻമാർ ഭഗവാനെ ആദരവോടെ എതിരേറ്റു. ഗുരുവായൂർ ദേവസ്വം ബോർഡ് നിറപറയോടെ ഭഗവാന്റെ എഴുന്നള്ളിപ്പിനെ വരവേറ്റു. പെരുവനം കുട്ടൻമാരാർ മേളത്തിന് നേതൃത്വം നൽകി. ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കിയതോടെ ഭഗവാന്റെ പള്ളിവേട്ട ആരംഭിച്ചു. പ്രതീകാത്മകമായി പന്നിയെ അമ്പെയ്ത് വീഴ്ത്തി ഭഗവാൻ ശ്രീലകത്തേക്ക് തിരിച്ചെഴുന്നള്ളി. കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി പള്ളിവേട്ടയിൽ ഭക്തർക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായില്ല.

ഇന്ന് എട്ടരമണിമുതലാണ് ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നല്‍കിയത്. കൊടിമരത്തറയ്ക്കല്‍ എഴുന്നള്ളിച്ചശേഷം അവിടെ തന്നെയാണ് ദീപാരാധനയും. പിന്നീട് ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കും. പ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവതീക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തും.വൈകിട്ട് ആറാട്ടിനായി എഴുന്നെള്ളുന്ന ഗുരുവായൂരപ്പന്‍ വടക്കേ നടയില്‍ വച്ച് കണ്ടിയൂര്‍ നന്ദീശന്റെ സങ്കടം കേള്‍ക്കും. സങ്കടം ഇല്ലെന്ന് നന്ദീശന്‍ പറയുന്നതോടെ ഗുരുവായൂരപ്പന്‍ യാത്ര തുടരും.ക്ഷേത്രത്തിന്റെ വടക്കുഭാഗം വരെ എഴുന്നള്ളിപ്പിന് പഞ്ചവാദ്യവും പിന്നീട് മേളവും അകമ്പടിയാവും. എഴുന്നള്ളിപ്പ് കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തില്‍കൂടി ഭഗവാന്‍ ആറാട്ടുകടവിലെത്തും. എല്ലാ പുണ്യതീര്‍ത്ഥങ്ങളെയും രുദ്രതീര്‍ത്ഥത്തിലേക്ക് ആവാഹിക്കും.തന്ത്രിയും ഓതിക്കന്‍മാരും കൂടി പുണ്യാഹത്തിനുശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ ആദ്യം മഞ്ഞള്‍പ്പൊടിയാല്‍ അഭിഷേകം ചെയ്തശേഷം വലിയ കുട്ടകത്തില്‍ തയാറാക്കിയ ഇളനീര്‍കൊണ്ട് തുടരഭിഷേകം നടത്തുന്നു. അതിനുശേഷം തന്ത്രി, മേല്‍ശാന്തി, ഓതിക്കന്‍മാര്‍, എന്നിവരൊരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീര്‍ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്യും.ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല

ഉച്ചപൂജയ്ക്കുശേഷം ഭഗവാന്‍ നന്ദിനി എന്ന ആനപ്പുറത്ത് കയറി പതിനൊന്ന് ഓട്ടപ്രദക്ഷിണം നടത്തും. തുടര്‍ന്ന് തന്ത്രി കൊടിയിറക്കും. അനന്തരം ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ചൈതന്യം മൂലവിഗ്രഹത്തിലേക്ക് ലയിപ്പിക്കും.പിന്നീട് ക്ഷേത്രം തന്ത്രി സ്വര്‍ണധ്വജത്തിലെ സപ്തവര്‍ണക്കൊടി ഇറക്കുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്കു സമാപനമാകും.

കൊറോണജാഗ്രത കാരണം ആറാട്ട് ദിവസമായി ഇന്ന് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ക്ഷേത്രം മതിൽക്കെട്ടിനകതുനിന്ന് ഭക്തരെ മുഴുവൻ പുറത്താക്കും. ക്ഷേത്രം പ്രവർത്തിക്ക് ചുമതലപ്പെട്ടവർ , ഡ്യൂട്ടിയിലുള്ള ജീവനക്കാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ , പോലീസുകാർ ,ഒഫീഷ്യൽ ഫോട്ടോഗ്രാഫർമാർ, എന്നിവർക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ആറാട്ടു പ്രദക്ഷിണത്തിന് കൂടെ ഓടാൻ ആരെയും അനുവദിക്കില്ല.ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം ചെയർമാൻ കെ .ബി മോഹൻദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Photo – UnniBhavana.
www.bhavanastudio.com

ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന വിശാലമായ ഓൺലൈൻ ഷോപ്പിങ് മാളിലേക്ക് സ്വാഗതം 🙏
ഇവിടെ ക്ലിക്ക് ചെയ്യുക

COMMENT ON NEWS

Please enter your comment!
Please enter your name here