ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഭഗവാന്‍ രുദ്രതീര്‍ത്ഥത്തിലാറാടി. വൈകീട്ട് നാലുമണിയോടെ ശ്രീലകത്തുനിന്നും മൂലവിഗ്രഹത്തിലെ ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹവിഗ്രഹം പുറത്തേക്കെഴുന്നെള്ളിച്ച് സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ചു. പ്രൗഢ്യവും, ചൈതന്യതേജസ്സുമാര്‍ന്ന പഞ്ചലോഹതിടമ്പ് കൊടിമരചുവട്ടില്‍ വെച്ച് ശാന്തിയേറ്റ കീഴ്ശാന്തി കീഴേടം വാസുണ്ണി നമ്പൂതിരി ഭഗവാന് ദീപാരാധന നടത്തി.ആറാട്ടുദിനമായ ഇന്ന് ദീപാരാധന തൊഴാന്‍ നേരിയ ഭക്തജനതിരക്കാനുഭവപ്പെട്ടു.

ADVERTISEMENT

ദീപാരാധനക്ക് ശേഷം ഗ്രാമപ്രദക്ഷിണത്തിനും, ആറാട്ടിനുമായി ഭഗവാന്‍ പുറത്തേക്കെഴുന്നെള്ളി. ഗുരുവായൂര്‍ ആനതറവാട്ടിലെ ഗജകേസരി വലിയകേശവന്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. പറ്റാനകളായി വലിയ വിഷ്ണു, ദാമോദര്‍ദാസ് തുടങ്ങിയവര്‍ ഇടം,വലം അണിനിരന്നു. വാളും, പരിചയം ഏന്തിയ കൃഷ്ണനാട്ടം കലാകാരന്‍മാരുടെ അകമ്പടിയായി. വടക്കേനടയിലെത്തികഴിഞ്ഞാല്‍ പഞ്ചവാദ്യം ഒരുനിമിഷം നിലക്കും. പഞ്ചവാദ്യത്തിന് പറയ്ക്കാട് തങ്കപ്പന്‍ മാരാരും, സംഘവും, മേളത്തിന് പെരുവനം കുട്ടന്‍മാരാരും നേതൃത്വം നല്‍കി.

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ജാഗ്രതയോടെയാണ് ഉത്സവം നടന്നത്. ഭക്തജനങ്ങളുടെ ആഹ്ളാദാരവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും കെങ്കേമമാവേണ്ടിയിരുന്ന ആറാട്ടും ഗ്രാമപ്രദക്ഷിണവും ഇത്തവണ ശുഷ്കമായിരുന്നു. തിടമ്പും സ്വർണക്കോലവുമായി ഗ്രാമ പ്രദക്ഷിണത്തിനായി ഭഗവാന്റെ പുറത്തേക്കെഴുന്നള്ളിപ്പ്. അഞ്ചാനകൾ നിരക്കുന്ന എഴുന്നള്ളിപ്പ് 3 ആനകളെ മാത്രമാക്കി ചുരുക്കിയാണ് നടത്തിയത്. പരമ്പരാഗത പരിചാരകൻമാർ ഭഗവാനെ ആദരവോടെ എതിരേറ്റു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾ നിറപറയോടെ ഭഗവാന്റെ എഴുന്നള്ളിപ്പിനെ വരവേറ്റു.


മേളത്തോടുകൂടിയ ഭഗവാന്റെ എഴുന്നെള്ളത്ത് പ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാന്‍ ആറാട്ട് കടവിലെത്തി. ക്ഷേത്രം തന്ത്രിയും, ഓതിക്കന്‍മാരുംകൂടി ഗംഗാ, യമുന തുടങ്ങി എല്ലാതീര്‍ത്ഥങ്ങളേയും രുഗ്രതീര്‍ത്ഥത്തിലേക്ക് ആവാഹിച്ച് പുണ്യാഹം നടത്തി. തുടര്‍ന്ന് വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്തു. ക്ഷേത്രം തന്ത്രി പാപനാശിനീ സൂക്തംജപിച്ച് ഭഗവാന്റെ പഞ്ചലോഹതിടമ്പ് മാറോട്‌ചേര്‍ത്ത് രുദ്രതീര്‍ത്ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്തു. തുടര്‍ന്ന് ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍ തുടങ്ങിയവരും സ്‌നാനം നടത്തി. ഇതോടെ ഭഗവാന്റെ ആറാട്ട് പൂര്‍ത്തിയായി. പിന്നീട് ഭഗവാന്‍ ആനപുറത്ത് കയറി 11-ഓട്ടപ്രദക്ഷിണം നടത്തി. തുടര്‍ന്ന് കൊടിമരചുവട്ടിലെ പൂജകള്‍ക്ക് ശേഷം തന്ത്രി സ്വര്‍ണ്ണധ്വജത്തില്‍ നിന്നും സപ്തവര്‍ണ്ണകൊടി ഇറക്കി, ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് ചൈതന്യം മൂലവിഗ്രഹത്തിലേക്ക് ലയിപ്പിച്ചു. ഇതോടെ 10-ദിവസംനീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി.

Photos – UnniBhavana.
www.bhavanastudio.com

COMMENT ON NEWS

Please enter your comment!
Please enter your name here