ഗുരുവായൂര്‍: ഭക്തി നിര്‍ഭരമായ ഗ്രാമപ്രദക്ഷിണത്തോടെ ഈ വർഷത്തെ ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയിറങ്ങി. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇത്തവണ ആഘോഷങ്ങള്‍ കുറവായിരുന്നു. ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തിനകത്തേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിച്ചില്ല പുറത്തേക്കെഴുന്നള്ളിപ്പിന് തിടമ്പേറ്റിയ വലിയ കേശവന് മൂന്നാനകള്‍ അകമ്പടിയായുണ്ടായിരുന്നു.ആറാട്ടിന് ഇളനീരുമായി പതിവുതെറ്റിക്കാതെ കിട്ടയുടെ പിന്‍തലമുറക്കാരെത്തി. കുടുംബം കൊണ്ടുവന്ന ഇളനീര്‍ കിഴക്കേനട സത്രകവാടത്തില്‍ നിറപ്പറയും നിലവിളക്കും വെച്ച് ദേവസ്വം അധികൃതർ ഏറ്റുവാങ്ങി. കിട്ടയുടെ പിന്‍മുറയിലെ മുതിര്‍ന്ന അംഗം സുബ്രഹ്മണ്യനെ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് മാലയിട്ട് സ്വീകരിച്ചു. ഭരണസമിതിയംഗങ്ങളായ കെ വി ഷാജി, കെ അജിത്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിര്‍ എന്നിവര്‍ ഇളനീര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ആറാട്ടുക്കടവില്‍ തൂശനില വെച്ച് ഇളനീര്‍ സമര്‍പ്പിച്ചശേഷം കുടുംബങ്ങള്‍ക്കുള്ള ഭഗവദ് പ്രസാദം ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാലും അഡ്മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിറും നല്‍കി.ഒരു ആറാട്ട് ദിവസത്തില്‍ ശാന്തിക്കാരനായി വന്ന കിട്ടയോട് ഗുരുവായൂരപ്പന്‍ ഇളനീര്‍ ചോദിച്ചെന്നായിരുന്നു ഐതിഹ്യം. ഈ സ്മരണ പുതുക്കല്‍ കൂടിയാണ് ഇവിടുത്തെ ഇളനീര്‍ സമര്‍പ്പണം. ഈ ഇളനീരാണ് ആറാട്ടു ദിനത്തില്‍ അഭിഷേകത്തിനെടുക്കുക. കിട്ടയുടെ പിന്‍തലമുറയില്‍പ്പെട്ട സുബ്രഹ്മണ്യനു പുറമേ, ജയപ്രകാശ്, കമല്‍നാഥ്, നാരായണന്‍, കണ്ണന്‍, ഭവാനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇളനീര്‍ എത്തിച്ചത്.
ആറാട്ടുദിനത്തില്‍ വൈകീട്ട് കൊടിമരച്ചുവട്ടില്‍ ദീപാരാധന നടന്നശേഷമായിരുന്നു പുറത്തേക്കെഴുന്നള്ളത്ത്. വര്‍ഷത്തില്‍ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ മാത്രമാണ് ശ്രീകോവിലിനു പുറത്ത് ദീപാരാധന നടക്കുന്നത്. ശാന്തിയേറ്റ കീഴ്ശാന്തി കൊടയ്ക്കാട് വാസുണ്ണി നമ്പൂതിരിയാണ് ദീപാരധന നിര്‍വഹിച്ചത്.കൃഷ്ണനാട്ടം കലാകാരന്‍മാര്‍ ആയോധനവേഷം ധരിച്ച് വാളും പരിചയുമായി ചുവട് വെച്ചതോടെ പഞ്ചാരിമേളത്തിന് കോലമര്‍ന്നു. നൂറുകണക്കിന് വാദ്യകലാകാരന്‍മാര്‍ അണിനിരന്ന മേളത്തിന് മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ അമരക്കാരനായി. പഞ്ചവാദ്യം പറക്കാട് വി തങ്കപ്പമാരാരും ചെര്‍പ്പുള്ളശ്ശേരി ശിവനും ചേര്‍ന്ന് നയിച്ചു. രുദ്ര തീര്‍ഥക്കരയിലെ ആറാട്ടിനു ശേഷം നന്ദിനിയെന്ന പിടിയാനയുടെ പുറത്ത് പതിനൊന്ന് ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കൊടിയിറക്കം.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here