ശ്രീ ഗുരുവായുരപ്പന്റെ ഉത്സവ ആഘോഷങ്ങളിൽ അതിപ്രധാനമായ ഒരു ചടങ്ങാണ് ഉത്സവബലി. ഉത്സവം എട്ടാം വിളക്ക് ദിവസമാണ് ഇന്നാണ്( 13.3.2020 ) ഉത്സവബലി.

ADVERTISEMENT

രാവിലത്തെ ശിവേലി കഴിഞ്ഞ്, പന്തീരടിപൂജക്ക്, പാലഭിഷേകവും നവകാഭിഷേകവും, നിവേദ്യവും കഴിഞ്ഞ് പൂജ നട തുറന്നാൽ ഒമ്പത് പത്തുമണിയോടെ ഉത്സവബലി ആരംഭിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞേ അവസാനിക്കുകയുള്ളു.

നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്ത് സപ്ത മാതൃക്കൾക്ക് ബലിപൂജയും, ബലിതൂവലും നടക്കുന്ന സമയം ശ്രീ ഗുരുവായുരപ്പനെ അലങ്കരിച്ച സ്വർണ്ണ മണ്ഡപത്തിൽ എഴുന്നള്ളിച്ച് വെക്കും.

സ്വർണ്ണ മണ്ഡപത്തിൽ എഴുന്നള്ളിയിരിക്കുന്ന കണ്ണന്റെ ദർശനപുണ്യത്തിന് ഭക്തജനങ്ങൾ എത്തുന്നു. ദർശനം ഒരു മണിക്കൂർ നീണ്ടുനിൽക്കും.

ഉത്സവബലിയുടെ ബലിദ്രവ്യമാണ് ഹവിസ്സ്.ബലി തൂകുന്നത് മുമ്പ് ഹവിസ്സ് പൂജ ചെയ്യണം. 101 നാരായം ഉണങ്ങലരി ഹവിസ്സ് തയ്യാറാക്കാൽ നാല് കാതൻ ചെമ്പിൽ പാചകം ചെയ്യുന്നു.ഇതിൽ മൂന്ന് ഭാഗം ഹവിസ്സ് പൂജക്കായി സഭാ മണ്ഡപത്തിൽ നാക്കിലകളിൽ പരത്തുന്നു(ചിക്കുന്നു). ഒരു ഭാഗം പാതാന്നമായി മാറ്റിവെക്കുന്നു.ദേവ ഭാഗം പാർഷദ ഭാഗം. ഭൂത ഭാഗം എന്നിങ്ങന്നെയാണ് മൂന്നായി വേർതിരിക്കുന്നത് വേർതിരിച്ച തെക്ക് ഭാഗത്തെ ഹവിസ്സ് ദേവന്മാരുടെ ഭാഗമാണ് .അതിൽ നാളികേര പൂള്ള്, ശർക്കര കദളിപ്പഴം എന്നിവ ധാരാളമായി ചേർക്കണം. നടുവിലത്തെ ഭാഗത്തെ ഹവിസ്സിൽ മഞ്ഞൾപ്പൊടി ധാരാളമായി ചേർത്ത മഞ്ഞ ഹവിസ്സാണു് പാർഷദ ഭാഗം. ഭൂതബലിക്കായി വേർതിരിച്ച വടക്ക് ഭാഗത്തെ ഹവിസ്സിൽ എള്ള്, തൈര്, മലർ, അരി വറുത്ത പൊടി, ഇവ അധികമായി ചേർത്ത് ഹവിസ്സ് പൂജക്കായി ഒരുക്കിവെക്കണം. നാലമ്പലത്തിൽ വടക്ക് ഭാഗത്ത് ശ്രീകൃഷ്ണ നിർമാല്യത്തെ ധരിക്കുന്ന വിഷ്വക്സേനൻ എന്ന ഒരു ദേവതാസ്ഥാനമുണ്ട്. ശ്രീ കൃഷ്ണ ഭഗവാന്റെ എല്ലാ നിർമാല്യ നിവേദ്യങ്ങളും സ്ഥീകരിക്കുന്ന കൃഷ്ണഭക്തനാണ് ആ ദേവൻ. ഈ ദേവനുൾപ്പെടെ നാലമ്പലത്തിലെ എല്ലാ ദേവന്മാർക്കും ദേവ ഭാഗം ഹവിസ്സാണ് ബലിയർപ്പിക്കുന്നത്. ദേവ പാർഷദന്മാർക്ക് മഞ്ഞ ഹവിസ്സ് ബലിയർപ്പിക്കുന്നു. വടക്ക് ഭാഗത്തുള്ള ഭൂത ഹവിസ്സ് കൊണ്ട് നാലമ്പലത്തിന് പുറത്തുള്ള ഭൂതഗണങ്ങൾക്കും മാറാതെ പൂജിച്ച് ബലിതൂവണം.

നാളെ നടക്കുന്ന പള്ളിവേട്ടയും, ഞായറാഴ്ച നടക്കുന്ന ആറാട്ടും ഉത്സവത്തിലെ പ്രധാന ചടങ്ങുകളാണ്. കോവിഡ്-19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടേയും, തീവ്രജാഗ്രതയുടേയും ഭാഗമായി പള്ളിവേട്ട വെറും ചടങ്ങായി മാത്രം ആഘോഷിക്കുവാൻ തീരുമാനിച്ചു. ദേവസ്വത്തിന്റെ വേഷമല്ലാതെ മറ്റാര്‍ക്കും വേഷവിധാനം നടത്തി പള്ളിവേട്ടയില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കില്ല. ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ആറാട്ടോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.

COMMENT ON NEWS

Please enter your comment!
Please enter your name here