ഗുരുവായൂർ: എട്ടാംവിളക്കുദിവസമായ വെള്ളിയാഴ്‌ചയാണ് അതിപ്രധാന ചടങ്ങായ ഉത്സവബലി. ദേവീദേവന്മാർക്കും പരിവാരദേവതകൾക്കും ഭഗവാന്റെ സാന്നിധ്യത്തിൽ വിസ്തരിച്ച് പൂജയോടെ നിവേദ്യം സമർപ്പിക്കുന്ന ചടങ്ങ് ആറുമണിക്കൂറിലേറെ നീളും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷമാണ് ചടങ്ങ് തുടങ്ങുക. അദൃശ്യ ദേവതകളെ മന്ത്രപുരസരം ക്ഷണിച്ച് പൂജയും നിവേദ്യവും സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. രാവിലെ ശീവേലിക്കും പന്തീരടി പൂജക്കുശേഷം ഉത്സവബലിയാരംഭിക്കും. നാലമ്പലത്തിനകത്ത് 11ഓടെ സപ്തമാതൃക്കള്‍ക്ക് ബലിതൂവുന്ന സമയത്ത് ഗുരുവായൂരപ്പനെ എഴുന്നള്ളിച്ച് വയ്ക്കും. ക്ഷേത്രം തന്ത്രിയാണ് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക. പക്ഷേ തന്ത്രിക്ക് പുല ആയതിനാൽ ഈ ചടങ്ങിന് നേതൃത്വം കൊടുക്കാൻ കഴിയില്ല. ബലിയും ഉച്ചപ്പൂജയും കഴിയാൻ വൈകുന്നേരം നാലുമണിയാകുന്നതിനാൽ വെള്ളിയാഴ്‌ച വൈകുന്നേരം കാഴ്‌ചശ്ശീവേലി ഉണ്ടാകില്ല.

ഉത്സവബലി ദിവസം ദേശപകര്‍ച്ചയാണ്. ഇപ്രാവശ്യം കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി പകർച്ച നിർത്തിവെച്ചിരിക്കുന്നു . ശനിയാഴ്ച നടക്കുന്ന പള്ളിവേട്ടയും, ഞായറാഴ്ച നടക്കുന്ന ആറാട്ടും ഉത്സവത്തിലെ പ്രധാന ചടങ്ങുകളാണ്. കോവിഡ്-19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടേയും, തീവ്രജാഗ്രതയുടേയും ഭാഗമായി പള്ളിവേട്ട വെറും ചടങ്ങായി മാത്രം ആഘോഷിക്കുവാൻ തീരുമാനിച്ചു. ദേവസ്വത്തിന്റെ വേഷമല്ലാതെ മറ്റാര്‍ക്കും വേഷവിധാനം നടത്തി പള്ളിവേട്ടയില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കില്ല. ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ആറാട്ടോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here