തൃശ്ശൂർ : കോവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന വാദ്യകലാകാരന്മാരും ആശങ്കയില്‍. ഗുരുവായൂരിലും ഉത്സവമേളം മുടങ്ങിയിരിക്കുകയാണ്. വാദ്യകലാകാരന്മാര്‍ക്കും ഉത്സവങ്ങളുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തിക്കാര്‍ക്കും തിരക്കുള്ള സമയമാണിത്. കുംഭമാസത്തിലെ അത്തം നക്ഷത്രമായ ഇന്ന് പലയിടത്തും ഉത്സവാഘോഷങ്ങളുണ്ട്.

13 മുതല്‍ കേരളത്തില്‍ പല ക്ഷേത്രങ്ങളിലും തിരുവോണം ആറോട്ടോടെ സമാപിക്കുന്ന ഒട്ടനവധി ഉത്സവങ്ങള്‍ക്ക് കൊടിയേറുകയാണ്. ഉത്സവങ്ങളും ഉത്സവമേളങ്ങളും ഇല്ലാതായാല്‍ പതിനായിരങ്ങളുടെ കുടുംബങ്ങളില്‍ പട്ടിണിയാകുമെന്ന ആശങ്കയുമുണ്ട്. കലാകാരന്മാരെ പോലെ തന്നെ ഉത്സവാഘോഷ കമ്മിറ്റിയും ത്രിശങ്കുവിലാണ്. ആനയേയും വാദ്യക്കാരേയും മാസങ്ങള്‍ക്ക് മുന്‍പേ കരാര്‍ എഴുതി അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്തിട്ടുള്ളതാണ്.

വലിയ തുക അഡ്വാന്‍സ് നല്‍കിയവരും ഇക്കൂട്ടത്തില്‍ ഉണ്ട്. നാട്ടുകാരില്‍ നിന്ന് ഉത്സവ പേരില്‍ സംഭാവന വാങ്ങിയ സംഘാടകര്‍ക്കും ആഘോഷം മാറ്റിവച്ചാല്‍ പ്രയാസമാകും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങള്‍ക്കാണ് പ്രതിസന്ധി കൂടുതല്‍ ബാധിക്കുക. ആഘോഷങ്ങള്‍ മാറ്റിവെക്കുന്ന ആശങ്കകള്‍ക്കിടയിലും അപകടകരമാംവിധം പരക്കുന്ന രോഗപശ്ചാത്തലത്തില്‍ സംഘാടകരും കലാകാരന്മാരുമെല്ലാം ഭീതിയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here