ഗുരുവായൂർ: ക്ഷേത്രോത്സവം ആറാം ദിവസമായ ഇന്ന് ( ബുധനാഴ്ച) കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിച്ചു. രാവിലെ 7 മണിക്ക് നടന്ന കാഴ്ചശീവേലിക്ക് ഗുരുവായൂർ വലിയ കേശവനാണ് ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റിയത് . കൊറോണ വൈറസ് ഭീതിയിൽ ക്ഷേത്രത്തിൽ ഭക്തർ കുറവായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നിന് ശീവേലിക്ക് ഗുരുവായൂരപ്പന്റെ സ്വർണ്ണതിടമ്പ് സ്വർണ്ണകോലത്തിൽ വലിയകേശവനന്റെ പുറത്ത് എഴുന്നള്ളിച്ചു .

ADVERTISEMENT

ഈ വർഷം പള്ളിവേട്ട ആറാട്ട് എന്നീ ചടങ്ങുകൾക്കൊപ്പം കുളപ്രദക്ഷിണം പതിവുപോലെ ഉണ്ടാകും. എന്നാൽ ദേശ പറവെപ്പ് അനുവദിക്കുന്നതല്ല. ദേവസ്വം വക പറവെപ്പ് മാത്രമേ ഉണ്ടാകൂ.കുളപ്രദക്ഷിണത്തിനു പതിവുള്ള അഞ്ച് ആനകൾക്ക് പകരം മൂന്ന് ആനകളെ ഉണ്ടായിരിക്കുകയുള്ളൂ. ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ദീപാലങ്കാരത്തിന് ഇത്തവണ മത്സരവും സമ്മാനദാനവും ഉണ്ടായിരിക്കുന്നതല്ല

കോവിഡ്- 19 എന്ന വൈറസ് മൂലമുണ്ടാകുന്ന കൊറോണ രോഗത്തെ പ്രതിരോധിക്കാൻ ക്ഷേത്ര ദർശനത്തിനു വരുന്ന എല്ലാവരെയും കിഴക്കേ നടപ്പന്തലിന് സമീപത്തുവച്ച് ഇൻഫ്രാറെഡ് തെർമോമീറ്റർ വഴി ശരീരത്തിൽ സ്പർശിക്കാതെ പനിയുണ്ടോ എന്ന പരിശോധന നടത്തി വരുന്നുണ്ട്

ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും, ഏകാദശി, അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണികൃഷ്ണനും, ചുറ്റുഭാഗത്തായി വീരശൃംഖലയും, തുറന്ന ഭാഗത്ത് മരതകപ്പച്ചയും, സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതാണ് സ്വർണ്ണക്കോലമെഴുന്നള്ളത്ത്.
പണ്ടുകാലത്ത് ആറാം ദിവസം ഉത്സവത്തിന്റെ ചെലവ് പുന്നത്തൂർ കോവിലകമായിരുന്നു വഹിച്ചിരുന്നത്. അന്നുനടക്കുന്ന കാഴ്ചശീവേലിക്ക് കോവിലകത്തെ വലിയ തമ്പുരാൻ നേരിട്ടെഴുന്നള്ളും. കാഴ്ചശീവേലി വടക്കെനടയിലെത്തുമ്പോൾ മേളത്തിൽ പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ആറാം വിളക്ക് ദിനത്തിൽ ഉച്ചയ്ക്ക് വകകൊട്ടൽ ചടങ്ങു നടക്കുന്നു .

COMMENT ON NEWS

Please enter your comment!
Please enter your name here