ഗുരുവായൂർ: കൊറോ‌ണ പശ്ചാത്തലത്തിൽ ഉത്സവാഘോഷങ്ങൾ എല്ലാം നിർത്തി വച്ചതോടെ ഗുരുവായൂരിൽ ആരവം ഒഴിഞ്ഞു. ക്ഷേത്രോത്സവം ആഘോഷമില്ലാതെ ചടങ്ങായി നടത്തുന്നത് ചരിത്രത്തിൽ ആദ്യമെന്നു പഴമക്കാർ. ആളുകൾ കൂട്ടം കൂടി വരുന്നത് സ്വയം നിയന്ത്രിക്കണമെന്ന് ജാഗ്രതാനിർദേശം ഉണ്ട്. ബുധനാഴ്ച ഉത്സവപ്പുഴുക്കിനുള്ള ചക്കയും മോരുകറിക്കുള്ള മത്തനും തയ്യാറാക്കിവെച്ചതെല്ലാം വെ റുതെയായി . ഓരോ ദിവസത്തെയും പുഴുക്കിനും കറികൾക്കുമുള്ള പച്ചക്കറികൾ തലേന്ന് പകൽ മുതൽ രാത്രിവരെയാണ് തയ്യാറാക്കുക . പ്ര സാദഊട്ടും ദേശപ്പകർച്ചയും നിർത്തിവെച്ചുവെന്നറിഞ്ഞപ്പോൾ കലവറയിൽ മണിക്കൂറുകളോളം ഈ പണിയിൽ ഏർപ്പെട്ടിരുന്നവർ സങ്കടത്തിലായി .

ADVERTISEMENT

ക്ഷേത്രത്തിൽനിന്ന് ഉച്ചഭാഷിണിയിൽ ഇടവിട്ട് ജാഗ്രതാനിർദേശങ്ങൾ ഉയർന്നുവരുന്നുണ്ട് . ചുമയുള്ളവരോ അത്തരം ആളുകളുമായി ഇടപഴകിയവരോ ഉണ്ടെങ്കിൽ ദേവസ്വത്തിന്റെ മെഡിക്കൽ കൗണ്ടറിൽ പരിശോധിക്കണമെന്നാണ് നിർദേശം . കിഴക്കേനടയിൽ അതിനായി മുഴുവൻ സമയവും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമുണ്ട് .ക്ഷേത്രത്തിലേക്കുള്ള പ്രധാന പ്രവേ ശനകവാടത്തിൽ നിരീക്ഷണത്തിന് ഡോക്ടർമാരുണ്ട് .

കൊറോ‌ണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇന്നു മുതൽ ഉത്സവ കലാപരിപാടികളും പ്രസാദ ഊട്ടും ആഘോഷങ്ങളും ഒഴിവാക്കിയത്. ഓരോ വർഷം കഴിയുന്തോറും ഉത്സവത്തിന് ആഘോഷങ്ങളും ജനപങ്കാളിത്തവും കൂടാറാണു പതിവ്. ഇക്കുറി ദേവസ്വം 2.96 കോടി രൂപയാണ് ഉത്സവച്ചെലവിന് നീക്കിവച്ചത്. ഇതിൽ 2.30 കോടിയും പ്രസാദ ഊട്ടിനാണ്. ഉത്സവത്തിനിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചടങ്ങു മാത്രമായി നടത്തുന്നത് ആദ്യമാണ്.

1971ൽ പള്ളിവേട്ട ദിവസം ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചതിനെ തുടർന്നു പുറത്തേക്കെഴുന്നള്ളിപ്പിനു മങ്ങലേറ്റു. ഒരാന മാത്രമായി എഴുന്നള്ളിപ്പു നടത്തി. 1976ൽ ആറാട്ടു കുളിക്കുന്ന കടവിൽ നിന്നു ഷോക്കേറ്റ് 7 പേർ മരിച്ചിരുന്നു. അക്കൊല്ലത്തെ ഓട്ടപ്രദക്ഷിണവും കൊടിയിറക്കവും ദുഃഖപൂർണമായി. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഒരു നൂറ്റാണ്ടു മുൻപത്തെ തർക്കം ഉത്സവം മുടക്കാനിടയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിധി മദ്രാസ് ഹൈക്കോടതി 1889ൽ പുറപ്പെടുവിച്ചതിനു രേഖയുണ്ട്.

ഇന്ന് ജീവനക്കാരെല്ലാം മുഖാവരണങ്ങൾ ധരിക്കാൻ നിർദേശമുണ്ടെങ്കിലും അവ ആവശ്യത്തിന് എത്തിയിട്ടില്ല .

COMMENT ON NEWS

Please enter your comment!
Please enter your name here