ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തി വരുന്ന എല്ലാ പരിപാടികളിലും നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം തീരുമാനം. പ്രസാദ ഊട്ടും, കലാ പരിപാടികളെല്ലാം നാളെ മുതൽ ഉണ്ടാവില്ല. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനക്കോട്ടയിലും സന്ദർശകർക്ക് മാർച്ച് 31 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചോറൂണും, വിവാഹങ്ങളും നടക്കുമെങ്കിലും പരമാവധി ഒഴിവാക്കാനും ഭക്തർ സ്വയം നിയന്ത്രണം കൈകൊള്ളണമെന്നും ദേവസ്വം ചെയർമാൻ അഡ്വ. കെ ബി. മോഹൻദാസ് അഭ്യർത്ഥിച്ചു.

ADVERTISEMENT

ഉത്സവബലി ദര്‍ശനത്തിനും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ ഗ്രാമപ്രദക്ഷിണത്തിനും വന്‍ ജനക്കൂട്ടം ഒഴിവാക്കണം. കൂട്ടംകൂടിയുള്ള സമ്പര്‍ക്കം രോഗംപടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ തിരക്കൊഴിവാക്കി ഭക്തജനങ്ങള്‍ സഹകരിയ്ക്കണമെന്നും ചെയര്‍മാന്‍ ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉത്സവാഘോഷത്തിന്റെ അതിപ്രധാനമായ പള്ളിവേട്ടദിവസവും, ആറാട്ട് ദിവസവും പുറത്തേയ്ക്കുള്ള എഴുന്നെള്ളിപ്പില്‍ ആനകളുടെ എണ്ണവും, മേളക്കാരുടെ എണ്ണവും പരമാവധി കുറച്ച് ചടങ്ങുമാത്രമാക്കും . എന്നാല്‍ ക്ഷേത്രദര്‍ശനത്തിന് ഭക്തജനങ്ങള്‍ക്ക് യാതൊരുതരത്തിലുള്ള വിലക്കുകളും ദേവസ്വം ഏര്‍പ്പെടുത്തിയിട്ടില്ല. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണം. ക്ഷേത്രത്തിലും, ക്ഷേത്രപരിസരത്തും കൂട്ടംകൂടി നില്‍ക്കരുത്. ഉത്സവാഘോഷത്തിന്റെ ആചാരങ്ങളും, അനുഷ്ടാനങ്ങളും മുറതെറ്റിയ്ക്കാതെ നടപ്പിലാക്കും. പള്ളിവേട്ടദിവസം പക്ഷിമൃഗാദികളുടെ വേഷംകെട്ടിയുള്ള പള്ളിവേട്ട വെറും ചടങ്ങായിമാത്രം ആഘോഷിയ്ക്കും. ദേവസവത്തിന്റെ വേഷമല്ലാതെ മറ്റാര്‍ക്കും വേഷവിധാനം നടത്തി പള്ളിവേട്ടയില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കില്ല. ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഇ.പി.ആര്‍ വേശാല, കെ. അജിത്, കെ.വി. ഷാജി, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവരും പങ്കെടുത്തു .

COMMENT ON NEWS

Please enter your comment!
Please enter your name here