ഗുരുവായൂർ ഉത്സവം 2020: ഉറക്കമില്ലാത്ത ഗുരുപവനപുരി..

ഗുരുവായൂർ: ഉത്സവം ആരംഭിച്ചതുമുതൽ ഗുരുവായൂരിന് ഉറക്കമില്ലാത്ത ദിനങ്ങളാണ്. രാവും പകലും ക്ഷേത്രസന്നിധി ജനങ്ങളെക്കൊണ്ട്‌ നിറയും. നേരം വെളുത്തുതുടങ്ങുന്നതുമുതൽ ഗുരുവായൂരിലേക്ക് ജനങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ആ ഒഴുക്ക് പിന്നെ നിലയ്ക്കുന്നില്ല. അർധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പ് തൊഴുതുമടങ്ങുമ്പോഴേക്കും അടുത്തദിവസത്തെ ചടങ്ങുകൾക്ക്‌ തുടക്കമാകും.

ക്ഷേത്രനടയിലെ മൂന്ന്‌ വേദികളിൽ ഉത്സവ കലാപരിപാടികൾ നടക്കുമ്പോൾ അത് കലോത്സവ മത്സരങ്ങളുടെ പ്രതീതിയാണുണ്ടാക്കുന്നത്. സന്ധ്യയായാൽ പ്രധാനവേദിയായ പൂന്താനം സ്റ്റേജിൽ മെഗാ നൃത്ത ഇനങ്ങളും സംഗീതപരിപാടികളും അരങ്ങിലെത്തും.

അതേസമയങ്ങളിൽത്തന്നെ കിഴക്കേനടയിലെ നഗരസഭാ മൈതാനിയിൽ പുഷ്പോത്സവത്തിന്റെയും ഇ.എം.എസ്. സ്‌ക്വയറിൽ പുസ്തകോത്സവത്തിന്റെയും ഭാഗമായുള്ള കലാപരിപാടികളും കൂടിയാകുമ്പോൾ ക്ഷേത്രനഗരം ഓരോ ദിനവും കലകളാൽ സമ്പന്നമാവുകയാണ്.

ക്ഷേത്രത്തിന്‌ പുറത്തുള്ള കലാവിരുന്നുകൾ തീരാൻ രാത്രി 11 ആകാറുണ്ട്. എന്നാലും ഗുരുവായൂർ ഉറക്കത്തിലേക്ക് വീഴാറാകില്ല. ക്ഷേത്രത്തിനകത്ത് ഉത്സവത്തായമ്പ ഉച്ചസ്ഥായിയിൽ നിൽക്കുന്ന നേരമായിരിക്കും അത്. ദിവസവും മൂന്ന്‌ തായമ്പകകളാണുള്ളത്. അതെല്ലാം തീരുമ്പോൾ രാത്രി 12.30 കഴിയും.

അപ്പോഴും തീരുന്നില്ല കാഴ്ചകൾ. ഉത്സവത്തിന്റെ വിളക്കെഴുന്നള്ളിപ്പിനുള്ള നേരമാകും. ആനകളുടെ അകമ്പടിയിൽ മേളത്തോടെയുള്ള വിളക്കുതൊഴുന്നത് ഭക്തരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിനകം അടിച്ചുതളിക്കുമ്പോഴേക്കും അടുത്തദിവസത്തെ നിർമാല്യദർശനത്തിനുള്ള തയ്യാറെടുപ്പായി. ക്ഷേത്രനടയിൽ ഉറങ്ങാൻ ഭാവിക്കുമ്പോഴേക്കും കാതിൽ മുഴങ്ങും നാരായണീയശ്ലോകങ്ങൾ…

ക്ഷേത്രത്തിനകത്തെ ചടങ്ങുകളും പുറത്തുള്ള കാഴ്ചകളും കാണാൻ നിൽക്കാതെ, ഉത്സവക്കലവറയിൽ ഉറങ്ങാതെ കഴിച്ചുകൂട്ടുന്ന വലിയൊരുവിഭാഗമുണ്ട്. പടിഞ്ഞാറേ നടപ്പന്തലിൽ പച്ചക്കറികൾ നുറുക്കുകയും ഇലകൾ ഒരുക്കുകയും ചെയ്യുന്ന ഭക്തജനക്കൂട്ടം.

ഒരുദിവസം എൺപത്തയ്യായിരത്തിലേറെ പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. അത്രയും പേർക്ക് ഭക്ഷണം പാകംചെയ്യുന്നതിന് ദേഹണ്ഡപ്പുരയിൽ പണിയെടുക്കുന്നവർ മാത്രം വിചാരിച്ചാൽ പോരാ. പടിഞ്ഞാറേ നടപ്പന്തലിൽ നേരം വെളുക്കുവോളം പച്ചക്കറികൾ നുറുക്കുന്നത്‌ കാണാൻതന്നെ ആളുകൾ ചുറ്റും നിൽക്കാറുണ്ട്. ഇവിടെയും കാണാം ഗുരുവായൂർ ഉറങ്ങാത്ത കാഴ്ച.

Photos : Highnesses studio

LEAVE A REPLY

Please enter your comment!
Please enter your name here