ഗുരുവായൂര്‍: ദേവഗണങ്ങള്‍ക്കും ഭക്തര്‍ക്കും ദര്‍ശനം നല്‍കി ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ ഇന്നു എഴുന്നള്ളി.
ഉത്സവ ശ്രീഭൂതബലി ഇന്നു മുതൽ തുടങ്ങി. രാവിലെ 11 നും രാത്രി 9 നുമാണ് ശ്രീഭൂതബലി എഴുന്നള്ളിപ്പ്. രാവിലെ നാലമ്പലത്തിലും രാത്രി വടക്കേനടയിലുമാണ് പൊന്‍പഴുക്കാ മണ്ഡപത്തില്‍ ഗുരുവായൂരപ്പന്‍ എഴുന്നള്ളുക. ഉത്സവം രണ്ടാം ദിനം മുതലാണ് സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തില്‍ ഭഗവാനെ എഴുന്നള്ളിക്കുക. രാവിലെ ശ്രീഭൂതബലിക്ക് നാലമ്ബലത്തിനകത്ത് സപ്തമാതൃക്കള്‍ക്ക് ബലിതൂകുന്ന സമയത്ത് ഭഗവാന്‍ സ്വര്‍ണ്ണപ്പഴുക്കാ മണ്ഡപത്തില്‍ ഉപവിഷ്ടനായി തന്നെ വണങ്ങാനെത്തുന്ന ദേവഗണങ്ങള്‍ക്ക് ദര്‍ശനം നല്‍കും. പൂര്‍ണ്ണമായും സ്വര്‍ണ്ണത്താല്‍ നിര്‍മ്മിച്ച പഴുക്കാമണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ച്‌ ആലവട്ടം, വെഞ്ചാമരം എന്നിവക്കൊണ്ട് അലങ്കരിച്ച്‌ രാജകീയപ്രൗഢിയിലാണ് ഭഗവാനെ അതില്‍ എഴുന്നള്ളിച്ചിരുത്തിയത്. ചുറ്റും കര്‍പ്പൂര ദീപം തെളിയിച്ച്‌ അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. മൂന്ന് മണിക്കൂര്‍ നേരം തായമ്ബകയുടെ ശബ്ദതരംഗങ്ങള്‍ ആസ്വദിച്ച്‌ തന്റെ പ്രജകള്‍ക്ക് ഗുരുവായൂരപ്പന്‍ ദര്‍ശനം നൽകും. ഉത്സവനാളുകളില്‍ എട്ടാം വിളക്ക് വരെയാണ് സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ ഭഗവാന്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here