ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് പൂയം നക്ഷത്രത്തില്‍ രാത്രി 8.55ന് കൊടിയേറി. ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് സ്വർണ ധ്വജസ്തംഭത്തിൽ സപ്തവർണക്കൊടിയേറ്റിയത്. കൊടിയേറ്റത്തിന് മുന്നോടിയായി ദീപാരാധനക്ക് ശേഷം കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി. ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രം തന്ത്രിമാര്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം മൂലവിഗ്രഹത്തില്‍ നിന്നും ചൈതന്യം ആവാഹിച്ച് സ്വര്‍ണ്ണ ധ്വജത്തില്‍ സപ്തവര്‍ണ്ണ കൊടിയേറ്റി യ തോടെ 10-ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ തിരുവുത്സവത്തിന് തുടക്കമായി.

ADVERTISEMENT

കൊടിമരത്തിന് വാക, ചാർത്ത് നടത്തി ജല ശുദ്ധി നടത്തി മനോഹരമാക്കി. ചെറുപ്പക്കാരായ കീഴ്ശാന്തി ഉണ്ണി നമ്പൂതിരിമാരാണ് കൊടിമര ശുദ്ധി വരുത്തിയത്. കൊടിമരത്തിൽ പഴയ കൊടിക്കയർ മാറ്റി വിധിയാംവണ്ണം പട്ടിൽ പൊതിഞ്ഞ് നവീകരിച്ച കൊടിക്കയർ ഉയർത്തി.

സ്വർണ്ണ കൊടിമരത്തിന്റെ നീളം 72 അടിയാണു്. കൊടിമരത്തിന് മുകളിൽ ഭഗവാന്റെ വാഹനമായ ഗരുഡ ഭഗാവാന്റെ സ്ഥാനമാണ്. കണ്ണൻ തന്റെ തിരുമുമ്പിലും, മണ്ഡപത്തിലും ഗരുഡ ഭഗവാന് സ്ഥാനം കല്പിച്ച് കെടുത്തിട്ടുണ്ട് .ഗർഭഗൃഹ ദ്വാരത്തിന്റെ കൈ കണക്കിന്റെ തോതനുസരിച്ച് തച്ചുശാസ്ത്രത്തിലെ ഉത്തമമായ നീളമാണ് ഗുരുവായുരിലെ കൊടിമരത്തിന്.

1952 ജനുവരി 17നാണ് ഇപ്പോഴത്തെ സ്വർണ്ണ കൊടിമരം സ്ഥാപിച്ചത്. കൊടിമരത്തിന്റെ സ്ഥാപനം ദിവസം, സമയം, എന്നിവയെല്ലാമുൾക്കൊണ്ട ഒരു സംസ്കൃത ശ്ലോകം, കൊടിമര തറയിലെ കരിങ്കലിൽ കൊത്തിവെച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിനടന്നു.ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപീകണ്ണന്‍ ജേതാവായി. ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്റെ എട്ടാം വിജയമാണിത്.

അത്താഴ പൂജ, കൊടിപ്പുറത്ത് വിളക്ക് എന്നിവ യുമുണ്ടായി. നാളെ രാവിലെ ദിക്ക് കൊടികൾ സ്ഥാപിക്കും. മേൽ പത്തൂർ ഒഡിറ്റോറിയത്തിൽ അരങ്ങേറിയ കഥകളിയോടെ കലാപരിപാടികൾക്കും തുടക്കമായി.

ഉത്സവത്തിൻറെ സവിശേഷതയായ ‘പകർച്ച’ സദ്യയും നാളെ രാവിലെ തുടങ്ങും. രാവിലെ കഞ്ഞിയും പുഴുക്കും, രാത്രി ചോറും രസകാളനുമാണ് പകർച്ചയുടെ വിഭവങ്ങൾ. ഇടിച്ചക്കയും മുതിരയുംകൊണ്ടാണ് കഞ്ഞിയുടെ പുഴുക്ക്. അതിന് പുറമെ തേങ്ങാപ്പൂള്, ശർക്കര, പപ്പടം, മാങ്ങാക്കറി എന്നിവയും വിഭവങ്ങളായുണ്ടാകും. ഉത്സവം എട്ടാം നാൾ വരെയാണ് കഞ്ഞിയും പകർച്ചയും.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനുപുറമെ ഓഡിറ്റോറിയത്തിന് സമീപത്തും, ക്ഷേത്രകുളത്തിന് കിഴക്കുഭാഗത്തുമായി ഉയര്‍ത്തിയ പ്രത്യേക വേദികളിലുമാണ് കലാപരിപാടികള്‍ നടക്കുക. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതല്‍ തിടമ്പ് ക്ഷേത്രം വടക്കെനടയില്‍ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. ഉത്സവ നാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. മാര്‍ച്ച് 14-ന് ഭഗവാന്റെ പള്ളിവേട്ടയും, 15-ന് ആറാട്ടിനും ശേഷം സ്വര്‍ണ്ണകൊടി മരത്തിലെ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് പരിസമാപ്തിയാകും.

COMMENT ON NEWS

Please enter your comment!
Please enter your name here