ഗുരുവായൂര്‍ ഉത്സവത്തിന് ആരംഭം കുറിച്ചുള്ള ആനയോട്ടത്തില്‍ ദേവസ്വം ആനത്തറവാട്ടിലെ ഗോപീകണ്ണന്‍ ജേതാവായി. ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്റെ എട്ടാം വിജയമാണിത്. 10 എണ്ണത്തില്‍ നിന്നും നറുക്കിട്ടെടുത്ത 5 ആനകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞ് ക്ഷേത്രത്തില്‍ നാഴികമണി 3 അടിച്ചതോടെ ആനകള്‍ക്ക് കെട്ടാനുള്ള കുടമണികളേന്തി പാപ്പാന്‍മാര്‍ ക്ഷേത്രത്തില്‍ നിന്നും മജ്ജുളാല്‍ത്തറയില്‍ നിരന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. കുടമണി കെട്ടിയ ശേഷം മാരാര്‍ ശംഖു വിളിച്ചതോടെ ആനയോട്ടം ആരംഭിച്ചു. ആനകളോടുന്ന വഴിയുടെ ഇരുവശവും നിന്ന് ആര്‍പ്പും ആരവവവുമായി ഭക്തര്‍ പ്രോത്സാഹനങ്ങള്‍ നല്‍കി.

ADVERTISEMENT

ക്ഷേത്രം അധികാരികളും പോലീസും ആര്‍പ്പു വിളികളുമായി ആനകള്‍ക്കൊപ്പമുണ്ടായിരുന്നു. ആനയോട്ടം കാണാനെത്തിയ ഭക്തരെയും കാണികളെയും കൊണ്ട് റോഡിന്റെ ഇരുവശവും നിറഞ്ഞ നിലയിലായിരുന്നു. തുടക്കം മുതലേ അതിവേഗം ഓടിയ ഗോപീകണ്ണന്‍ മറ്റാനകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ക്ഷേത്രഗോപുരം കടന്നെത്തി എട്ടാമതും വിജയം കുറിച്ചത്. ചുറ്റമ്പലത്തില്‍ 7 പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗോപീകണ്ണന്‍ ഗുരുവായൂരപ്പനെ വണങ്ങിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്.ഇനി 10 ദിവസം ഗോപീകണ്ണനാണ് ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുക. ഒന്നാമന്‍ ഓടിയെത്തിയ ശേഷം പിന്നാലെ കൂടെയുണ്ടായിരുന്ന ആനകളും ക്ഷേത്ര നടയിലേക്ക് ഒന്നിനു പിന്നാലെയായി ഓടിയെത്തി.

COMMENT ON NEWS

Please enter your comment!
Please enter your name here