ഗുരുവായൂർ: ഗുരുവായൂരിൽ ഇനി ഉത്സവനാളുകൾ. ഒരർഥത്തിൽ ഗുരുവായൂരിൽ എന്നും ഉത്സവമാണ്. മനസ്സിന് ആനന്ദമരുളുന്നതാണ് ഉത്സവം. ബിംബചൈതന്യത്തെ വീണ്ടെടുത്ത് തേജസ്സുളവാക്കാനാണ് ഉത്സവങ്ങൾ നടത്തുന്നത്. അത് തട്ടകത്തിലെ ജനങ്ങൾക്ക് ഒത്തുചേരാനുള്ള വേദി കൂടിയാണ്. ഗുരുവായൂരിലെ പ്രധാന ഉത്സവത്തിന് കുംഭത്തിലെ പൂയ്യം നാളിലാണ് കൊടിയേറ്റം. പത്തുനാൾ നീണ്ടുനിൽക്കുന്നതാണ് ഉത്സവം. ഗുരുവായൂരപ്പൻ പുറത്തിറങ്ങി ഗ്രാമപ്രദക്ഷിണം നടത്തുന്നതിനാൽ ഗ്രാമം മൊത്തമായി ഒരുങ്ങുന്ന വേളയാണത്.
കൊടിയേറ്റനാൾ മുന്നുമണിക്ക് കിഴക്കേനടയിലുള്ള മഞ്ജുളാൽ പരിസരത്തുനിന്ന് ക്ഷേത്രത്തിലേക്ക് ആനകളെ മത്സരിച്ചോടിപ്പിക്കും. ആദ്യംക്ഷേത്രത്തിൽ പ്രവേശിച്ച് മൂന്നുതവണ പ്രദക്ഷിണംവെച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയി. ഈ ആനയായിരിക്കും ഉത്സവകാലത്ത് തിടമ്പേറ്റുന്നത്. ഇത്തവണ ഗോപീകണ്ണന്‍ ജേതാവായി. ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്റെ എട്ടാം വിജയമാണിത്. പണ്ട് ഗുരുവായൂർ ഉത്സവത്തിന് തൃക്കണാമതിലകത്തു നിന്നായിരുന്നു ആനകളെ അയച്ചിരുന്നത്. എന്നാൽ, കൊച്ചി രാജാവും സാമൂതിരിയും നീരസത്തിലായപ്പോൾ ആ കൊല്ലം ഉത്സവത്തിന് ആനകളെ അയച്ചില്ല. എന്നാൽ, പന്തീരടിയോടടുത്ത സമയത്ത് തൃക്കണാമതിലകത്തെ ആനകളെല്ലാം ഗുരുവായൂരിലേക്ക് ഓടിപ്പോന്നു. ഈ സ്മരണനിലനിർത്താനാണ് ഇന്നും ഗുരുവായൂരിൽ ഈ ചടങ്ങ് നടത്തുന്നത് എന്നാണ് ഐതിഹ്യം.

ADVERTISEMENT

ഉത്സവകാലത്ത് നടത്താറുള്ള ഉത്സവബലിയിൽ സപ്തമാതൃക്കൾക്ക് ബലി തൂവുന്ന സമയത്തെ ഭഗവൽദർശനം പുണ്യപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു. ഒമ്പതാംദിവസം ദീപാരാധനയ്ക്കു ശേഷം ഭഗവാൻ ക്ഷേത്രത്തിനുള്ളിൽ നിന്നും പുറത്തേക്കെഴുന്നള്ളി ഗ്രാമബലി ഘോഷയാത്ര നടത്തുന്നു. ഇത് തിരിച്ചെത്തുമ്പോൾ പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ പന്നിവേഷമണിഞ്ഞ് ഇതിന് തയ്യാറെടുക്കുന്നു. ആയുരാരോഗ്യങ്ങൾക്ക് ഈ വഴിപാട് ഉത്തമമാണെന്നാണ് വിശ്വാസം.പിറ്റേദിവസമാണ് ആറാട്ട്. ഉത്സവച്ചടങ്ങുകളുടെ സമാപനം. ആറരമണിയോടെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിക്കും. പഞ്ചവാദ്യവും പാണ്ടിമേളവും അകമ്പടിയായുണ്ടാവും. രുദ്രതീർഥത്തിൽ ഭഗവാൻ ആറാടുമ്പോൾ ഒപ്പം കുളിക്കാൻ ഭക്തജനത്തിരക്കാണ്.
അകത്തേക്ക് വിഗ്രഹം എഴുന്നള്ളിക്കുന്നതിനുമുമ്പ് നെറ്റിപ്പട്ടം കെട്ടാതെ ആനപ്പുറത്ത് ഭഗവാൻ 11 ഓട്ടപ്രദക്ഷിണം വെക്കുന്നു, ഭഗവാന്റെ പിന്നാലെ ഓടുന്നത് രോഗശാന്തിയേകുമെന്നും വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ഭക്തജനങ്ങളെ ഏറെ ആകർഷിക്കുന്ന ചടങ്ങാണിത്. ഇത്രയും ഉത്സവ കാര്യങ്ങൾ,

ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന വിശാലമായ ഓൺലൈൻ ഷോപ്പിങ് മാളിലേക്ക് സ്വാഗതം 🙏
ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി ചില ഗുരുവായൂർ വിശേഷങ്ങൾ കൂടി കേൾക്കാം.ഗുരുവായൂർ ഇന്ന് ലോകം മുഴുവനും കീർത്തികേട്ട പുണ്യഭൂമിയാണ്. ഭക്തിയുടെ ലഹരിയിൽ ദുഃഖങ്ങൾ ഇറക്കിവെക്കാനും ആശ്വാസംതേടാനും ലക്ഷങ്ങളാണിവിടെയെത്തുന്നത്. വിശ്വാസികൾക്കു മാത്രമല്ല സഞ്ചാരികൾക്കും ഇവിടെ കാണാനും കേൾക്കാനും ഏറെയുണ്ട്.
രുദ്രനും(ശിവൻ) പ്രചേതസ്സുകളും വളരെക്കാലം തപസ്സുചെയ്ത രുദ്രതീർഥക്കരയിലാണ് ഗുരുവായൂർ. ഗുരുവായൂരിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.
മഹാവിഷ്ണു വൈകുണ്ഡത്തിൽ പൂജിച്ചിരുന്ന വിഗ്രഹം ബ്രഹ്മാവിനു കൊടുത്തു. ബ്രഹ്മാവ് അത് സുതപസ്സിനും. അദ്ദേഹത്തിൽനിന്ന് കാശ്യപ പ്രജാപതിയിലേക്കും കാശ്യപപ്രജാപതിയിൽനിന്ന് വസുദേവരിലേക്കും കൈമാറിയ വിഗ്രഹം കൃഷ്ണൻ ദ്വാരകയിൽ വെച്ച് പൂജിച്ചു. ദ്വാരക പ്രളയത്തിലാണ്ടുപോകുന്ന സമയം ജലോപരിതലത്തിൽ ഒരു വിഗ്രഹം കാണാമെന്നും കലിയുഗത്തിൽ എല്ലാവർക്കും ആരാധിച്ച് മുക്തിനേടാൻ സഹായകമാവുംവിധം ഉചിതമായൊരു സ്ഥലത്ത് അതെടുത്ത് പ്രതിഷ്ഠിക്കണമെന്നും ദേവഗുരുവായ ബൃഹസ്പതിയോട് പറയാൻ സ്വർഗാരോഹണത്തിനുമുമ്പ് ഭഗവാൻ ഉദ്ധവരെ ഏൽപ്പിച്ചു.
വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം പ്രതിഷ്ഠിക്കാനിടം തേടി ദേവഗുരു ബൃഹസ്പതിയും വായുവും ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു. പരമശിവൻ തപസ്സുചെയ്ത രുദ്രതീർഥക്കരയിലുമെത്തി. ഇവിടെത്തന്നെയാണ് പ്രതിഷ്ഠ നടത്തേണ്ടതെന്ന് പരമശിവൻ പ്രത്യക്ഷപ്പെട്ടരുളി. ശിവ കല്പനപ്രകാരം പരശുരാമസാന്നിധ്യത്തിൽ ഗുരുവും വായുവും ചേർന്നു പ്രതിഷ്ഠ നടത്തി. ശിവൻ പൂജാദികൾ ചെയ്ത് ഇരുവരെയും അനുഗ്രഹിച്ചു. ഇനി ഈ സ്ഥലം നിങ്ങളുടെ പേരിൽ അറിയപ്പെടുമെന്നും പറഞ്ഞു.
അങ്ങനെ ഗുരുവായൂർ ആയി മാറിയ ഇവിടെ ദേവശില്പിയായ വിശ്വകർമാവാണ് അമ്പലം പണിതത്. വൈകുണ്ഠത്തിൽ വിഷ്ണു പൂജിച്ചിരുന്ന വിഗ്രഹം സർവചൈതന്യ സമ്പൂർണമായി ഇവിടെയുള്ളതുകൊണ്ട് ഗുരുവായൂർ ഭൂലോകവൈകുണ്ഠമായി. രുദ്രതീർഥത്തിലാണിപ്പോൾ ഗുരുവായൂരപ്പന്റെ ആറാട്ട്. ഗുരുവായൂരമ്പലനടയിൽ നിൽക്കുമ്പോൾ ഈ ഐതിഹ്യകഥകൾ മനസ്സിൽ നിറയട്ടെ.

COMMENT ON NEWS

Please enter your comment!
Please enter your name here