ഗുരുവായൂർ ഉത്സവം 2020: നാളെ ആചാര പെരുമയോടെ “ആനയില്ലാശിവേലി”

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ആചാരപെരുമയോടെ ”ആനയില്ലാശീവേലി” നാളെ. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാരംഭം കുറിച്ച് ശ്രീഗുരുവായൂരപ്പന് ആനകളെ ഒഴിവാക്കി തന്റെ ഭക്തരോടൊപ്പം എഴുന്നള്ളുന്ന ഐതിഹ്യ പെരുമയാണ് ”ആനയില്ലാശീവേലി”. രാവിലെ ദിവസവും ഉഷ: പൂജക്ക് ശേഷം നടക്കുന്ന ആനയോടുകൂടിയുള്ള ശീവേലി, വര്‍ഷത്തില്‍ ഈയൊരു ദിനം മാത്രം ആനയില്ലാതെ നടക്കുന്നതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രത്യേകത. മുന്നില്‍ കഴകക്കാര്‍ കുത്തുവിളക്കുമായി ആനയില്ലാശീവേലിക്കായി നാലമ്പലത്തിന് പുറത്തേക്ക് ഭഗവാന് എഴുന്നള്ളുമ്പോൾ, ക്ഷേത്രത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ക്ക് ഭഗവാനെ നേരില്‍ ദർശിക്കുന്ന ഒരു അനുഭവമാണ്.
ഭഗവാന് ആനയില്ലാതെ മൂന്ന് പ്രദക്ഷിണം വെക്കുന്നത്, ആയിരങ്ങള്‍ നാമസങ്കീര്‍ത്തനങ്ങളുമായി പിന്നില്‍ നീങ്ങും. മുന്നില്‍ വിശേഷവാദ്യങ്ങളും. ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് ഈ ദിവസം ആനയില്ലാശീവേലി നടക്കുന്നത്. ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്ക്കുമുമ്പുതന്നെ ക്ഷേത്രപരിസരത്തു നിന്ന് ആനകളെ മാറ്റി നിർത്തും. കൊടിയേറ്റ ദിവസം, ആനയോട്ടസമയത്തു മാത്രമേ ആനകളെ ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവരൂ. ഐതിഹ്യത്തെ അന്വര്‍ത്ഥമാക്കി വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ഗുരുവായൂരില്‍ ആനയില്ലാതെ ശീവേലി നടക്കുന്നത്.