ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ മുന്നോടിയായുള്ള സഹസ്രകലശാഭിഷേകവും, ബ്രഹ്മകലശാഭിഷേകവും ഭഗവാന് ഇന്ന് അഭിഷേകം ചെയ്യും. നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഭഗവാന് ബ്രഹ്മകലശം അഭിഷേകം ചെയ്യുക. രാവിലെ പന്തീരടീപൂജയടക്കമുള്ള പതിവു പൂജകള്‍ നേരത്തെ കഴിഞ്ഞ ശേഷം ക്ഷേത്രം തന്ത്രി ചൈതന്യപൂരിതമായ ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്യും.
കലശമണ്ഡപമായ കൂത്തമ്പലത്തില്‍ നിന്നും ആയിരംകുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ ക്ഷേത്രം കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് സഹസ്ര കലശാഭിഷകവും, തുടര്‍ന്ന് പത്തരയോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിയ്ക്കും. ക്ഷേത്രം മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ബ്രഹ്മകലശവും, ക്ഷേത്രം ഓതിയ്ക്കന്‍ കുംഭേശ കലശവും ശ്രീലകത്തേയ്ക്കെഴുെള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യും. ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിപ്പാടിന്റെ നേതൃത്വത്തില്‍ ജലദ്രോണി, ബ്രഹ്മകലശപൂജ, കുംഭേശ കലശപൂജ, കര്‍ക്കരി കലശപൂജ, കുണ്ഢശുദ്ധി, മുളപൂജ എന്നിവയും, തുടര്‍ന്ന് തത്ത്വകലശപൂജ, നാഡീസന്താന പൂജ, വലിയപാണി, തത്ത്വകലശാഭിഷേകം എന്നിവയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.