ഗുരുവായൂർ: ഗുരുവായൂർ പുസ്തകോത്സവത്തിന് വെളളിയാഴ്ച തിരിതെളിയും .മാർച്ച് 6 മുതൽ 15 വരെ ഗുരുവായൂർ നഗരസഭ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് 5 ന് വിദ്യാഭ്യാസ വിചക്ഷണൻ പി ചിത്രൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൺ എം രതി അധ്യക്ഷത വഹിക്കും. ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. മാർച്ച് 15 ന് ഞായറാഴ്ച രാവിലെ 11-ന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിക്കും .കെ.വി അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും.

ADVERTISEMENT

പുസ്തകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും പ്രഭാഷണങ്ങളും അരങ്ങേറും .മാർച്ച് 6-ന് വൈകീട്ട് 6ന് കാവ്യസന്ധ്യ മാർച്ച് 7 ന് വൈകീട്ട് 5ന് പൗരത്വം വായിക്കപ്പെടുമ്പോൾ പ്രഭാഷണം കെ.ഇ. എൻ കുഞ്ഞഹമ്മദ് തുടർന്ന് മരക്കൊട്ട്. തുടർ ദിവസങ്ങളിൽ മതേതരത്വവും മുഖ്യധാരാ രാഷ്ട്രീയവും എന്ന വിഷയത്തിൽ ബേബി ജോൺ ,വായനയും സംസ്കാരവും എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ , വായന രാഷ്ട്രീയം , സംസ്കാരം എന്ന വിഷയത്തിൽ ഡോ സുനിൽ പി ഇളയിടം , ഭരണഘടന സാക്ഷരതയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ഡോ വി കാർത്തികേയൻ , സ്ത്രീ സുരക്ഷ _ ഇന്നത്തെ ഇന്ത്യയിൽ എന്ന വിഷയത്തിൽ അഡ്വ സി. എസ് സുജാത , ഇന്ത്യ തകർച്ചയും പ്രതീക്ഷയും എന്ന വിഷയത്തിൽ കെ.ടി കുഞ്ഞി കണ്ണൻ എന്നിവർ സംസാരിക്കും. മധുര ഗാന സ്മ്യതി, ചാക്യാർ ഫലിതം ,നാടകങ്ങൾ , പരദേശി സിനിമ , ഓട്ടൻതുള്ളൽ എന്നിവ അരങ്ങേറും .

മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ വിപുലമായ ശേഖരം പുസ്തകോത്സത്തിൽ ലഭ്യമാക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു .വാർത്താ സമ്മേളനത്തിൽ എം.കൃഷ്ണദാസ് , ടി.ടി ശിവദാസ് , ആർ.വി ഷെരീഫ് ,എം.സി സുനിൽ കുമാർ , കെ.ആർ ശശിധരൻ ,ഗായത്രി ,പ്രകാശന്‍ എന്നിവർ സംബന്ധിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here