തിരുവനന്തപുരം : ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് രാവിലെ 9.30ന്‌ കാപ്പുകെട്ടി കുടിയിരുത്തലോടെ ഉത്സവം ആരംഭിക്കും. വൈകിട്ട്‌ 6.30ന്‌ കലാപരിപാടികൾ ചലച്ചിത്ര താരം അനു സിത്താര ഉദ്‌ഘാടനം ചെയ്യും. പൊങ്കാല മാർച്ച്‌ ഒമ്പതിന്‌ നടക്കുമെന്ന്‌ ക്ഷേത്ര ട്രസ്‌റ്റ്‌ ചെയർമാൻ കെ ശശിധരൻ നായർ, പ്രസിഡന്റ്‌ വി ചന്ദ്രശേഖര പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറ്റുകാൽ അംബാ പുരസ്കാരം ഗാനരചയിതാവ്‌ ശ്രീകുമാരൻ തമ്പിക്ക്‌ സമ്മാനിക്കും.  സംസ്ഥാന സർക്കാരിന്റെ പ്ലാസ്‌റ്റിക്‌ നിരോധനത്തിന്റെ ഭാഗമായി ഹരിതചട്ടം കൂടുതൽ കർക്കശമാക്കിയാകും പൊങ്കാല നടത്തിപ്പ്‌. പൊങ്കാല അർപ്പിക്കുന്നവരും ഭക്ഷണവിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്‌ പൂർണമായും ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

പൊങ്കാല ഉത്സവ ഒരുക്കങ്ങൾ 90 ശതമാനം പൂർത്തിയായി. സർക്കാർ തലത്തിൽ ഇതുവരെ നാലുയോഗങ്ങൾ നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ ശ്രീകുമാർ, കലക്ടർ, പൊലീസ്, റെയിൽവേ, വിവിധ വകുപ്പ്‌ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അവസാനഘട്ട ക്രമീകരണങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടുത്തദിവസം ചേരുന്ന യോഗം വിലയിരുത്തും. പൊതുമരാമത്ത്‌, വൈദ്യുതി, ജലസേചന, ഗതാഗത വകുപ്പുകളുടെയും നഗരസഭയുടെയും ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്‌. പൊങ്കാല ദിനമായ ഒമ്പതിന്‌ നടക്കുന്ന കുത്തിയോട്ടത്തിന്‌ 28 വരെ രജിസ്‌റ്റർ ചെയ്യാം. ഇതുവരെ 800 കുട്ടികൾ രജിസ്‌റ്റർ ചെയ്തു.

പൊതുവഴികളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുംവിധവും നടപ്പാതയിൽ പാകിയിരിക്കുന്ന ടൈലുകൾക്ക് മുകളിലും പൊങ്കാല ഇടരുത്‌. ആഹാരവും കുടിവെള്ളവും നൽകുന്ന സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊലീസിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും അനുമതി വാങ്ങണം. അംബ, അംബിക, അംബാലിക കലാപരിപാടികൾ അരങ്ങേറും. എല്ലാ ദിവസവും തോറ്റം പാട്ടുണ്ടാകും. പത്തിന്‌ രാത്രി കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ട്രസ്‌റ്റ്‌ സെക്രട്ടറി കെ ശിശുപാലൻ നായർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വി ശോഭ, കമ്മിറ്റി അംഗങ്ങളായ ഡി രാജേന്ദ്രൻ നായർ, ആർ ജെ പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here