ഇന്ന് പൂന്താനദിനം

ഭക്തകവി പൂന്താനം നമ്പൂതിരിയുടെ സ്മരണ നിലനിർത്തുന്നതിനായി ഗുരുവായൂർ ദേവസ്വം ആചരിച്ചു തുടങ്ങിയ പൂന്താനം ദിനം ഫെബ്രുവരി 28 ന് വെള്ളിയാഴ്ച. പൂന്താനത്തിന്റെ കൃതികളിൽനിന്ന് അദ്ദേഹത്തിന്റെ ജന്മദിനം കുംഭമാസത്തിലെ അശ്വതിനാളെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് ഈ ദിവസം പൂന്താനം ദിനമായി ആഘോഷിക്കുന്നത്. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ സമകാലികനായിരുന്നു. പൂന്താനം രചിച്ച ദാർശനികപ്രധാനമായ ജ്ഞാനപ്പാന എന്ന ഭക്തിഗീതിക ഗുരുവായൂരപ്പഭക്തരുടെ ചുണ്ടിൽ എന്നുമുള്ള കീർത്തനമാണ്. മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് പൂന്താനം ഇല്ലത്ത് ജനിച്ച അദ്ദേഹം ജീവിതകാലം ചെലവഴിച്ചത് ഗുരുവായൂരപ്പസന്നിധിയിലായിരുന്നു. പൂന്താനം നമ്പൂതിരി എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ യഥാർഥ പേര് കണ്ടെത്തിയിട്ടില്ല. ശ്രീകൃഷ്ണകർണാമൃതം, സന്താനഗോപാലം പാന എന്നിവയാണ് മറ്റ് പ്രധാനകൃതികൾ.
പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമത്തിലാണ് പൂന്താനം ഇല്ലം. ഇപ്പോഴവിടെ ഇല്ലപ്പറമ്പും തൊട്ടടുത്തുള്ള സ്ഥലങ്ങളും ഏറ്റെടുത്ത് സ്മാരകം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ജീവിച്ച് അര നൂറ്റാണ്ട് പിന്നിട്ടിട്ടും കവിയെന്ന നിലയില്‍ പൂന്താനം കേരളീയരുടെ നിത്യ ജീവിതത്തില്‍ നിറഞ്ഞു നില്ക്കുന്നു. ഗഹനമായ ദര്‍ശനങ്ങള്‍ അദ്ദേഹം പച്ച മലയാളത്തില്‍ എഴുതി ജനങ്ങളെ ബോധവാന്മാരാക്കി.
ഗുരുവായൂരപ്പന്റെ ഭക്തനായ പൂന്താനത്തെ കുറിച്ച് പല കഥകളും നിലനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഇല്ലത്തു നിന്നും ഗുരുവായൂര്‍ക്ക് പുറപ്പെട്ട പൂന്താനത്തെ വഴിയില്‍ കൊള്ളക്കാര്‍ ആക്രമിച്ചുവെന്നും അപ്പോള്‍ സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്റെ വേഷത്തില്‍ ഗുരുവായൂരപ്പന് എത്തി രക്ഷിച്ചുവെന്നും ഒരു കഥ. പണ്ഡിതനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പ്രൗഢമായ നാരായണീയത്തേക്കാള്‍ തനിക്കിഷ്ടം പരമസാത്വികനായ പൂന്താനത്തിന്റെ നിര്‍മ്മലമായ ഭക്തിയാണ് എന്ന് ഗുരുവായൂരപ്പന് പറഞ്ഞു എന്ന് മറ്റൊരു കഥ. ഇത് ഭക്തിയും വിഭക്തിയും എന്ന പേരില്‍ വള്ളത്തോള്‍ കവിതയാക്കിയിട്ടുണ്ട്. ഇതേ പേരില്‍ പ്രമുഖ നര്‍ത്തകനായ ഗുരു ഗോപിനാഥ് പ്രസിദ്ധമായൊരു ഏകാംഗ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൂന്താനം ഉടലോടെ സ്വര്‍ഗ്ഗത്തേക്കു പോയി എന്നാണ് മറ്റൊരു കഥ. സ്വര്‍ഗ്ഗത്തേക്ക് പോകുന്ന ദിവസം പൂന്താനത്തിന് അറിയാമായിരുന്നുവെന്നും അദ്ദേഹം സദ്യയൊരുക്കി കാത്തിരുന്നുവെന്നും ഒടുവില്‍ സ്വര്‍ണ്ണത്തേരിലേറി ആകാശത്തേക്ക് ഉയര്‍ന്നു പോയി എന്നുമാണ് വിശ്വാസം. ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനി നാളെയുമെന്തെന്നറിയീല… എന്ന പ്രസിദ്ധമായ വരികള്‍ എല്ലാം മായ എന്ന ഹൈന്ദവ ദര്‍ശനത്തിന്റെ രസം പേരുന്ന ഈരടിയാണ്. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്…
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്… മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ….. എന്ന വരികള്‍ മനുഷ്യ ജന്മത്തിന്റെ പ്രവചനാതീതയേയും ഈശ്വരന്റെ നിര്‍ണ്ണയാധീശത്വത്തെയും കുറിക്കുന്ന ദര്‍ശനമാണ്. ഇതാകട്ടെ സാധാരണക്കാരന്റെ സംഭാഷണമെന്നപോലെ ലഘുവും ലളിതവും സൗമ്യവുമായി പൂന്താനം പറഞ്ഞുവയ്ക്കുന്നു. മനുഷ്യന്രെ പണക്കൊതിയെക്കുറിച്ച് പത്തു കിട്ടുമ്പോള്‍ നൂറു വേണമെന്നും നൂറു കിട്ടുമ്പോള്‍ അത് ആയിരമായാല്‍ കൊള്ളാമെന്നും ആയിരം കിട്ടുമ്പോള്‍ പതിനായിരമായാല്‍ കൊള്ളാമെന്നും ചിന്തിക്കുന്ന മനുഷ്യന് ശിവ ശിവ ഒരു ദിവസം അങ്ങ് ചത്തുപോകുന്നു എന്ന് പൂന്താനം പറയുന്നത് എത്ര പ്രസക്തം. പുത്രശോകത്താല്‍ നീറിയാണ് പൂന്താനം ഭക്തകവിയായി മാറിയതെന്നും ഉണ്ണിക്കൃഷ്ണനെ അദ്ദേഹം സ്വന്തം മകനായി മനസ്സില്‍ കണ്ടുവെന്നും അദ്ദേഹത്തിന്റെ വരികള്‍ തന്നെ സമര്‍ത്ഥിക്കുന്നു. ഉണ്ണിക്കൃഷ്ണന് മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായി…
പൂന്താനം ഒരു സംസ്കൃതിയുടെ പ്രതീകമാണ്. ഭാഷയുടെ വളര്‍ച്ചയുടെ ഒരു കാലഘട്ടത്തിന്റെയും കാലാതിവര്‍ത്തിയായ പ്രതിനിധിയാണ്. ലാളിത്യവും മിതത്വവും പാലിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും വരും തലമുറയ്ക്ക് എന്നും വഴികാട്ടിയാണ്