ഗുരുവായൂര്‍: ഗജരത്നം പത്മനാഭന് പ്രണാമം അർപ്പിക്കാൻ ആയിരങ്ങളാണ് പുന്നത്തൂർ ആനക്കോട്ടയിലേക്ക് ഒഴുകുന്നത്. ഇന്നു രാത്രിയും നാളെ രാവിലെ 9 വരെയും ആനക്കോട്ടയിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കോടനാട് കൊണ്ട് പോയി പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിക്കും. നേരത്തെ കെട്ടു തറയില്‍ തന്നെ സംസ്കരിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ് സര്വേറ്ററുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പരിസര വാസികളായ ചിലര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംസ്കാരം കോടനാട്ടെക്ക് മാറ്റുകയായിരുന്നുവെന്ന് ചെയര്മാന് അഡ്വ കെ ബി മോഹന്‍ദാസ് പറഞ്ഞു
പത്മനാഭന്റെ അന്ത്യ നിമിഷം സ്വന്തം കെട്ടുതറയില്‍ തന്നെ. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ആനക്ക് ചികിത്സ നല്‍കിയിരുന്ന സ്ഥലത്ത് നിന്ന് സ്വന്തം കെട്ടുതറയിലേക്ക് ആനയെ എത്തിക്കുകയായിരുന്നു. ഇവിടെ എത്തിയിട്ടും അസ്വസ്ഥനായിരുന്നു. ഇന്ന് രാവിലെ ഇരുന്ന ശേഷം പതുക്കെ ചരിഞ്ഞ് കിടന്ന് ഉച്ചയോടെ നിത്യ നിദ്രയിലേക്ക് പോകുകയായിരുന്നു. വർഷങ്ങൾ ആയി ആനകോട്ടയുടെ കിഴക്ക് വടക്ക് വശത്തായി ഉള്ള കെട്ടു തറയില്‍ മാത്രമാണ് പത്മനാഭൻ ഉറങ്ങാറ്. പുറത്ത് എഴുന്നള്ളിപ്പിന് പോയാലും ഇവിടെ മാത്രമാണ് കിടന്ന് ഉറങ്ങുന്നത്. അന്ത്യ നിമിഷത്തിലും അവിടേക്ക് തന്നെ എത്താന്‍ കൊമ്പന് കഴിഞ്ഞു.
പത്മനാഭന്റെ വിയോഗ വാർത്തയറിഞ്ഞ് ആനത്താവളിലേക്ക് ആരാധകരുടെ പ്രവഹിക്കുകയാണ്. എം.എൽ.എ മാരായ കെ.വി അബ്ദുൾ ഖാദർ, ഗീതാ ഗോപി എന്നിവർ വൈകുന്നേരത്തോടെ ആനക്കോട്ടയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു
കെട്ടും തറിയിൽ നില വിളക്ക് തെളിയിച്ച് ചന്ദനതിരി കത്തിച്ച് ഗുരുവായൂരപ്പന്റെ പട്ട് പുതപ്പിച്ചാണ് പത്മനാഭനെ ഇപ്പോൾ ആനത്താവളത്തിൽ കിടത്തിയിരിക്കുന്നത്.
