തൃശൂർ : ഒരു ലക്ഷം വിദ്യാർത്ഥികൾ തങ്ങളുടെ ജീവിതസ്വപ്നങ്ങൾ പങ്കുവെച്ച കുറിപ്പുകളെ ആയിരം അടി നീളമുള്ള ക്യാൻവാസിലേക്കു പതിപ്പിച്ചു നടത്തിയ പ്രദർശനത്തിലൂടെ പാലക്കാട് സ്വദേശി ബി.ലൂയിസ് റെക്കോർഡ് നേട്ടത്തിന് അർഹനായി.

ADVERTISEMENT

ബ്രീസ് ഫൗണ്ടേഷൻ്റെ സ്ഥാപകനായ അദ്ദേഹം കുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ.ഏ.പി.ജെ അബ്ദുൾകലാമിന്റെ പ്രസക്തവാക്കുകൾ ചേർത്തൊരുക്കിയ പോസ്റ്റർ പ്രദർശനം രാജ്യത്തെ വിവിധ സ്‌കൂളുകളിൽ നടത്തിയാണ് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളടങ്ങിയ കുറിപ്പുകൾ ശേഖരിച്ചത്.

വിഷൻ 2020 എന്ന ആശയത്തിൽ കണക്റ്റിംഗ് ഇന്ത്യ എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് കഴിഞ്ഞ 6 മാസമായി പോസ്റ്റർ പ്രദർശനങ്ങൾ നടത്തിവന്നിരുന്നത്. മിഷൻ ക്വർട്ടേഴ്സിലെ സെൻറ്‌ ജോസഫ്‌സ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് റെക്കോർഡിനാസ്പദമായ പ്രദർശനം നടന്നത്.

പാരമ്പരാഗതമേഖലകളിൽനിന്നും വ്യതിരിക്തമായി യുട്യൂബർ, ഫാഷൻ ഡിസൈനർ, സൈക്കോളജിസ്ട് തുടങ്ങിയവയിലേക്ക് കുട്ടികളുടെ ശ്രദ്ധ കാര്യമായി പതിയാൻ തുടങ്ങിയതിനും പ്രദർശനം സാക്ഷിയായി. തലേദിവസം താൻ കണ്ട സ്വപ്നം വേദിയിൽ വിവരിച്ച പന്ത്രണ്ടാംക്ലാസ്സിലെ റിറ്റി റോയ് തന്റെ ജീവിതലക്ഷ്യവും താൻ തലേന്ന് കണ്ട സ്വപ്നവും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയതോടെ താരമായി.

അനുപമ ഐ.എ.എസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട താൻ ഐ.എ.എസ് ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നു എന്ന് റിറ്റി അറിയിച്ചത് സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചത്. റിട്ടിയെ ടി.എൻ.പ്രതാപൻ എം.പി മെഡൽ അണിയിച്ചു അനുമോദിച്ചു.

യൂണിവേഴ്സൽ റെക്കോർഡ് ഫോറം ഇന്റർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, യു.ആർ.എഫ് എഡ്യൂക്കേറ്റർ ഗിന്നസ് സത്താർ ആദൂർ, എന്നിവർ നിരീക്ഷകരായിരുന്നു. ഗവ.ചീഫ് വിപ്പ് കെ.രാജൻ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ബി.ലൂയിസിന് സമ്മാനിച്ചു.ടി.എൻ. പ്രതാപൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി.എസ പ്രിൻസ്, ജെ.സി.ഐ ഇന്ത്യ പ്രതിനിധി പ്രൊഫ.നിർമല, ഡോ.ശാന്തി, റഹ്മത്തുള്ള, സി.വിവറ്റ്, സി.ഡെന്ന എന്നിവർ പ്രസംഗിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here