By Ranjit Nadh
ഒട്ടേറെ മനോഹരമായ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ പാത പിന്തുടർന്ന് മകനും പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കുന്ന തരത്തിൽ 100% കുടുംബ സദസ്സുകൾക്ക് ഇഷ്ടമാകുന്ന തരത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമായി വരനെ ആവശ്യമുണ്ട് എന്ന തന്റെ ആദ്യ ചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അനൂപ് സത്യൻ എന്നയീ നവാഗതന്റെ ഏറ്റവും വലിയ വിജയം.
ഓരോ യുവ സംവിധായകർ സിനിമകളുമായി എത്തുമ്പോഴും കാഴ്ച്ചക്കാർ അത്ഭുതങ്ങൾ പ്രതീക്ഷിക്കും പ്രത്യേകിച്ചും സത്യൻ അന്തിക്കാടിനെ പോലെ ഒരാളുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രമാകുമ്പോൾ. ഈ സിനിമയെ ന്യൂജെൻ അന്തിക്കാടൻ നന്മചിത്രം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് സത്യൻ തന്റെ ആദ്യ സിനിമയുടെ കഥ പറയാനായി തിരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തിലെ ഒരു ഫ്ലാറ്റിൽ ജീവിക്കുന്ന മധ്യവർത്തികളായവരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം.

സുരേഷ്ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്

മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന് വിശേഷിപ്പിക്കാവുന്ന ശോഭനയുടെയും മികച് നടനായ സുരേഷ് ഗോപിയുടെയും തിരിച്ചു വരവാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം സമ്മാനിക്കുന്നത് .സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു, മലയാള സിനിമയ്ക്ക് ഇനിയും സുരേഷ്ഗോപിയെ ആവശ്യമുണ്ട്.അത്രത്തോളം നല്ല മടങ്ങിവരവാണ് താരം നടത്തിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.സത്യൻ അന്തിക്കാട് വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ സുരേഷ്ഗോപിയെ മകൻ അനൂപ് സത്യന്‍ ശരിക്കും ഉപയോഗിച്ചുവെന്നാണ് ആരാധകരുടെ അഭിപ്രായം.

മാസും ക്ലാസ്സും റൊമാൻസും സൈക്കോയും എല്ലാം ഒരുമിച്ചു ചേരുന്ന സുരേഷ്ഗോപി കഥാപാത്രം തിയറ്ററിൽ കയ്യടി നേടി .സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെ.ഒരു സാധാരണ കുടുംബ-പ്രണയ കഥ കുറച്ച് പതുക്കെ പറയുന്ന ഒരു നല്ല ഫീൽ ഗുഡ് മൂവിയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം.ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്,വഫാ ഖദീജ,ദിവ്യ മേനോൻ,മീര നന്ദൻ,സൗബിൻ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here