ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ സ്റ്റാഫിന്റെ സ്ഥലമാറ്റത്തെ ചൊല്ലി അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ചെയര്‍മാനെതിരെ വീണ്ടും പോരിനിറങ്ങി ജീവനക്കാരുടെ പ്രതിനിധി. ഭരണസമിതിയിലോ, ജീവനക്കാരുടെ പ്രതിനിധിയുമായോ കൂടിയാലോചനകളില്ലാതെ ചെയര്‍മാന്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നുവെന്നാരോപിച്ചാണ് ജീവനക്കാരുടെ പ്രതിനിധിയും, സി.പി.എമ്മുകാരനുമായ എ.വി. പ്രശാന്ത്, അഡ്മിനിസ്റ്റ്രേറ്ററുടെ ഓഫീസ് ഉപരോധിച്ചത്.

അകാരണമായി ജീവനക്കാരെ സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചെയര്‍മാനെതിരെ എ.വി. പ്രശാന്ത് രംഗത്തെത്തിയത്. 14-ഓളം ജീവനക്കാരെ സ്ഥലംമാറ്റം നടത്തിയത് പുനപരിശോധിച്ച് കൂടിയാലോചനയിലൂടെ തിരുത്തല്‍ വരുത്തണമെന്ന പ്രശാന്തിന്റെയും, യൂണിയന്‍ നേതാക്കളുടേയും അഭിപ്രായത്തെ മുഖവിലയ്‌ക്കെടുക്കാതെ, എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു, ദേവസ്വം ചെയര്‍മാന്‍. ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവുമായി അഡ്മിനിസ്റ്റ്രേറ്ററുടെ ഓഫീസിലേയ്ക്ക് ഫയല്‍ ഒപ്പിടാനെത്തിയപ്പോഴാണ് അഡ്മിനിസ്റ്റ്രേറ്ററുടെ ഓഫീസ് പ്രശാന്ത് ഉപരോധിച്ച് പ്രതിഷേധിച്ചത്. ജീവനക്കാരുടെ സ്ഥലംമാറ്റവുമായ പ്രശ്‌നങ്ങള്‍ ഭരണസമിതിയിലോ, ജീവനക്കാരുടെ പ്രതിനിധിയുമായോ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും, അത് ചെയര്‍മാന്റെ വിവേചനാധികാരത്തിലുള്ളതാണെന്നുമാണ് ചെയര്‍മാന്റെ നിലപാട്. എന്നാല്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററും, ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തും ചേര്‍ന്ന് രചിച്ച തിരക്കഥയിലൂടെ ഉടലെടുത്ത നാടകമാണ് ഈ പ്രതിഷേധവും, ഉപരോധവുമെന്ന് ദേവസ്വത്തിലെ ഒരുവിഭാഗം ജീവനക്കാരും ആരോപിയ്ക്കുന്നുണ്ട്. വേണ്ട പ്പെട്ടവരെ ഇഷ്ടസ്ഥാനത്ത് അവരോധിയ്ക്കാന്‍ അഡ്മിനിസ്റ്റ്രേറ്ററും, പ്രശാന്തും ചേര്‍ന്ന് നടത്തിയ അന്തര്‍നാടകമാണ് ഇതെന്നും ഇക്കൂട്ടര്‍ ആരോപിയ്ക്കുന്നു. കഴിഞ്ഞ ഭരണസമിതിയിലും ചെയര്‍മാനും, ഭരണസമിതി അംഗവും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതേയാണ് ഭരണസമിതി മുന്നോട്ടുപോയിരുന്നത്.

ഗുരുവായൂര്‍ ദേവസ്വത്തില്‍, സി.പി.എമ്മിന്റെ പ്രതിനിധികളായ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസും, ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്തും തമ്മിലുള്ള പോര് കഴിഞ്ഞ ഭരണ സമിതിയുടെ ആദ്യ കാലത്ത് തന്നെ തുടങ്ങിയതായിരുന്നു.ഈ ഭരണ സമിതിയിലും പോരിനിറങ്ങിയ പ്രശാന്ത്‌ താന്‍ പിന്നോട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്.പാര്‍ട്ടിയുടെ പ്രാദേശിക പിന്തുണയും പ്രശാന്തിനുണ്ട്. അതേസമയം പ്രാദേശിക നേതൃത്വ ത്തിന്‍റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അഡ്വ കെ ബി മോഹന്‍ദാസ്‌ വീണ്ടും ചെയര്‍മാന്‍ ആയി വന്നത് .