ഗുരുവായൂർ നഗരസഭയുടെ പുതിയ നഗരസഭാധ്യക്ഷ സി പി എമ്മിലെ രതി മണ്ണുങ്ങൽ

ഗുരുവായൂർ: നഗരസഭയുടെ പുതിയ ചെയർപേഴ്സൻ ആയി സി പി എമ്മിലെ എം. രതി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ മാഗി ആല്‍ബര്‍ട്ടിനെയാണ് രതി പരാജയപ്പെടുത്തിയത്. 43 അംഗങ്ങളിൽ എൽ ഡി എഫ്: 22 , യു.ഡി.എഫ്: 18 അസാധു: 2, നേരത്തെ കോണ്‍ഗ്രസ് പുറത്താക്കിയ ബഷീര്‍ പൂക്കോട്, ടി കെ വിനോദ് കുമാര്‍ എന്നിവരാണ് വോട്ടുകള്‍ അസാധുവാക്കിയത്. ബിജെപിയുടെ ഏക അംഗം ശോഭ ഹരിനാരായണൻ വോട്ടെടുപ്പിന് എത്തിയില്ല. എം രതിയുടെ പേര് വി എസ് രേവതി നിര്‍ദേശിച്ചു. സുരേഷ് വാരിയര്‍ പിന്താങ്ങി. മാഗി ആല്‍ബര്‍ട്ടിന്റെ പേര് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഷൈലജ ദേവന് നിര്‍ദേശിച്ചു. ലത പ്രേമന് പിന്തുണച്ചു. ഇടതു ധാരണപ്രകാരം സി. പി. ഐയിലെ വി. എസ് രേവതി രാജിവെച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. സി പി എം ഏരിയ സെക്രട്ടറിയും മുന്‍ നഗര സഭ ചെയര്‍മാനുമായിരുന്ന എം കൃഷ്ണ ദാസിന്റെ സഹോദരിയാണു ശ്രീമതി രതി മണ്ണുങ്ങൽ.
നഗരസഭാ വൈസ് ചെയര്മാന് അഭിലാഷ് കെ ചന്ദ്രന്, ചാവക്കാട് നഗരസഭ ചെയര്മാന് എന്‍ കെ അക്ബര്‍, വിവിധ കക്ഷിനേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രസ് ക്ലബ് പ്രസിഡൻറ് ആർ ജയകുമാര്‍, പ്രസ് ഫോറം പ്രസിഡന്റ് ലിജിത് തരകന്, തുടങ്ങിയവര്‍ ആശംസകൾ നേർന്നു.