ഗുരുവായൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി.ടി. മോഹനകൃഷ്ണന്‍ (86) അന്തരിച്ചു. എടപ്പാള്‍ സ്വകാര്യ ആശുപത്രിയിയില്‍ വെള്ളിയാഴ്ച രാവിലെ 8:30 നായായിരുന്നു അന്ത്യം. എഐസിസി അംഗമായ മോഹനകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നാണ് 1987 ല്‍ നിയമസഭയിലെത്തിയത്. 1965 മുതല്‍ എഐസിസി അംഗമാണ്. ദീര്‍ഘകാലം മലപ്പുറത്ത് രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു മോഹനകൃഷ്ണന്‍.

ADVERTISEMENT

കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്‍റ്, മലപ്പുറം ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ലീഡര്‍ കെ കരുണാകരന്‍റെ വിശ്വസ്തനായ മോഹനകൃഷ്ണന്‍ ദീര്‍ഘകാലം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ ഇരിന്നിട്ടുണ്ട്. ഇക്കാലയളവില്‍ ക്ഷേത്ര നഗരിയില്‍ വളരെ വലിയ വികസന പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും അന്നദാനം തുടങ്ങി വെച്ചത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. ശ്രീവത്സം, പാഞ്ചജന്യം, കൌസ്തൂഭം, തുടങ്ങി ദേവസ്വത്തിന്‍റെ കെട്ടിടങ്ങള്‍ എല്ലാം നിര്‍മിച്ചത് മോഹനകൃഷ്ണന്‍റെ ഭരണ കാലത്താണ്.

ക്ഷേത്രത്തില്‍ ഊട്ടുപുര, ഫ്ലൈ ഓവര്‍, ചുറ്റമ്പലത്തിലെ നടപുരകളും ഈ കാലഘട്ടത്തില്‍ നിര്‍മിച്ചവയാണ്. ഗുരുവയുരിന്റെ മുഖചായ മാറ്റുന്നതില്‍ പി ടി മോഹന കൃഷ്ണന്‍റെ നേതൃത്വ പാടവം വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌. പാരമ്പര്യമായി ലഭിച്ച കോടികള്‍ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു വേണ്ടി നഷ്ടപ്പെടുത്തിയ നേതാവ് എന്ന പേരാണ് കേരള രാഷ്ട്രീയത്തില്‍ പി ടി മോഹന കൃഷ്ണനെ വേറിട്ട്‌ നിർത്തുന്നത് .

നാടക വേദികളിൽ പ്രാഗദ്‌ഭ്യം തെളിയിച്ച മോഹനകൃഷ്‌ണൻ ‘ചൈതന്യം’, ‘അഗ്നിദേവൻ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

നളിനിയാണ് ഭാര്യ. മക്കള്‍ : ആശ, ഹേമ, പി ടി അജയ്മോഹന്‍ (കെ പി സി സി സെക്രട്ടറി ), സിന്ധു , പരേതനായ സുധീര്‍. മരുമക്കള്‍ ഡോ : രാമചന്ദ്രന്‍ , മോഹന്‍ കുമാര്‍, പ്രേമജ സുധീര്‍ ( മുന്‍ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് ), പാര്‍വതി അജയ് മോഹന്‍ , ഉണ്ണി. സംസ്കരം ശനിയഴ്ച വൈകീട്ട് മൂന്നിന് എരമംഗലത്തെ വീട്ടു വളപ്പില്‍ നടക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here