പുണ്യകർമങ്ങൾക്കു മുമ്പോ ശേഷമോ കാർമ്മികത്വം വഹിക്കുന്ന വ്യക്തിക്കു നല്കുന്ന ഔപചാരിക പ്രതിഫലമാണ് ദക്ഷിണ. വൈദിക-താന്ത്രിക-മാന്ത്രിക കർമങ്ങൾ, ബ്രാഹ്മണരുടെ ഷോഡശക്രിയകൾ തുടങ്ങിയവയ്ക്കാണ് സാധാരണയായി ദക്ഷിണ നല്കപ്പെടുന്നത്.

ADVERTISEMENT

വെറ്റില, പാക്ക്, പണം എന്നിവയാണ് ദക്ഷിണയ്ക്ക് പതിവ്. ഇവ വെള്ളം, ചന്ദനം, പൂവ്എന്നിവയോടൊപ്പം വലതുകൈയിൽ എടുത്ത് ‘ഓം തത്സത്’ എന്ന മന്ത്രം ചൊല്ലിയാണ് നല്കേണ്ടത്. ശ്രാദ്ധം പോലെയുള്ള ചടങ്ങുകളിൽ വസ്ത്രം (വസ്ത്രം ഇരട്ടയായിരിക്കും), നാളികേരം തുടങ്ങിയവയും ദക്ഷിണയായി നല്കാറുണ്ട്.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാഭ്യാസം പൂർത്തിയായതിനുശേഷം ഗുരുദക്ഷിണ നല്കുന്ന പതിവ് നിലനിന്നിരുന്നു. പണം, ഭൂമി, ധാന്യം, വസ്ത്രം, ഗോക്കൾ തുടങ്ങി ഗുരു എന്ത് ഇച്ഛിക്കുന്നുവോ അത് ശിഷ്യൻ എത്തിച്ചുകൊടുക്കണമെന്ന് ഭവിഷ്യത് പുരാണത്തിൽ പറയുന്നു. ഗുരുക്കന്മാർ ആവശ്യപ്പെട്ട ദക്ഷിണ നല്കുന്നതിനായി ശിഷ്യന്മാർ അനുഭവിച്ച ക്ലേശങ്ങളെയും അനുഷ്ഠിച്ച ത്യാഗങ്ങളെയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ നിരവധിയുണ്ട്.

സ്വീകർത്താവ് ബ്രഹ്മണനാണെങ്കിൽ ആവണപ്പലകയിലിരുന്നാണ് ദക്ഷിണ സ്വീകരിക്കുക. ദക്ഷിണ മുമ്പിൽ നിലത്തുവച്ചുകൊടുക്കുകയോ കൈയിൽ ഇട്ടുകൊടുക്കുകയും ചെയ്യും. ദക്ഷിണ നല്കുന്നയാളെ അക്ഷതം തൂകി അനുഗ്രഹിക്കുകയും ചെയ്യണം.

അനുഗ്രഹിക്കുന്നത് ബ്രാഹ്മണനാണെങ്കിൽ ഇടതുകൈപ്പത്തിക്കു മുകളിൽ വലതുകൈപ്പത്തി വരുന്ന മട്ടിലാണ് കൈവയ്ക്കേണ്ടത്. ഇടതുകൈപ്പത്തി അഗ്നി, വലതുകൈപ്പത്തി അമൃത് എന്നാണ് സങ്കല്പം.പാപങ്ങൾ അഹ്നിയിൽ എരിച്ച് അമൃതു നല്കുന്നു എന്ന് സങ്കല്പം.

വിഷ്ണുപുരാണത്തിലും ദേവീഭാഗവതത്തിലും ‘ദക്ഷിണ’ എന്നു പേരുള്ള ദേവിയെക്കുറിച്ച്പരാമർശമുണ്ട്. രുചിപ്രജാപതിക്ക് ആകൂതി എന്ന ഭാര്യയിൽ ജനിച്ച പുത്രിയാണ് ദക്ഷിണ. ദക്ഷിണാദേവിയും ഭർത്താവായ യജ്ഞപുരുഷനും പുത്രനായ ഫലദനുമാണ്കർമഫലങ്ങൾ വിതരണം ചെയ്യുന്നത് എന്നാണ് വിശ്വാസം. യജ്ഞാവസാനം നടത്തുന്ന ദാനത്തിനും ദക്ഷിണ എന്നു പേരുണ്ട്. നായികമാരിൽ ഒരു വിഭാഗവും ദക്ഷിണ എന്ന് വ്യവഹരിക്കപ്പെടുന്നു. ദക്ഷിണദിക്ക് എന്നു വിശേഷിപ്പിക്കുമ്പോൾ തെക്ക് എന്ന അർഥവും ദക്ഷിണയ്ക്കുണ്ട്.

ദക്ഷിണ എണ്ണി നോക്കാൻ പാടില്ല എന്നാണ് വിധി

ഇന്ന് ദക്ഷിണയെ പറ്റി മോശം സങ്കല്‍പ്പമാണുള്ളത്. ദക്ഷിണ എന്നാല്‍ കുറച്ചു പൈസ വെറ്റിലയില്‍ പൊതിഞ്ഞ് ഗുരുവിന് നല്‍കുന്നത് എന്നാണ് കരുതുന്നത്. പണമാണ് ദക്ഷിണയായി പലരും കണക്കാക്കുന്നത്. എന്നാല്‍ പണമല്ല ദക്ഷിണ. അദ്ധ്വാനത്തിന്റെ ഫലമാണ്.

ഗുരുനാഥന്‍ എന്താണ് തനിക്ക് നല്‍കിയത്, അത് ആ വ്യക്തിയുടെ സ്വന്തമല്ല – ഗുരുനാഥന്‍ എന്ന വ്യക്തിയുടെ സ്വന്തമല്ല. ഒരു ഋഷിപരമ്പരയില്‍നിന്ന് കിട്ടിയ സന്ദേശമോ ആശയമോ ആണ് ശിഷ്യന് നല്‍കുന്നത്. ഭൗതികമായി കാര്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നത് ഗുരുവല്ല. ഋഷിമാര്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ശിഷ്യന് പാകപ്പെടുത്തി കൊടുക്കുന്ന ആളാണ് ഗുരു. കൊടുക്കുന്ന വസ്തു ഗുരുവിന്റെ സ്വന്തമല്ല. തനിക്ക് കിട്ടിയ സന്ദേശം – ആശയം – അതിന് മുകളില്‍ അദ്ധ്വാനിക്കുകയും, അത് അനുഭവിക്കുകയും, അത് വര്‍ധിപ്പിക്കുകയും, അത് സ്വാംശീകരിക്കുകയും ചെയ്യണം. എന്നിട്ട് അത് തിരിച്ചുകൊടുക്കണം. ആര്‍ക്ക് തിരിച്ചുകൊടുക്കണം? സമൂഹത്തിന് തിരിച്ചുകൊടുക്കണം. കാരണം ലോകത്തിന് നന്മയ്ക്ക് വേണ്ടിയാണ് ഋഷീശ്വരന്മാര്‍ ചെയ്തപോലെ തന്നെ നമ്മുടെ ചിന്തയും ഓരോ പ്രാര്‍ത്ഥനും സമൂഹത്തിന് നല്‍കാന്‍ സാധിക്കണം. നമ്മുടെ അദ്ധ്വാനം ഏതെങ്കിലും ഒരു വ്യക്തിയ്ക്കല്ല, സമൂഹത്തിനാവണം നല്‍കേണ്ടത്. അതാണ് യഥാര്‍ത്ഥ ദക്ഷിണ. പക്ഷെ, പണ്ടുകാലത്ത് ഗുരുകുലങ്ങള്‍ നിലനില്‍ക്കേണ്ടിയിരുന്നു. ഒരു ഗുരുനാഥന്‍ ഏതെങ്കിലും ഗുരുകുലത്തിന്റെ ഭാഗമായിരുന്നു. ഗുരുവിന് സ്വന്തമായി, ഒരു വ്യക്തി എന്ന നിലയില്‍ നിലനില്‍പ്പ് ഇല്ലായിരുന്നു. അയാള്‍ ഗുരുകുലത്തിന്റെ ഭാഗമായിരുന്നു. ആ ഗുരുകുലം നിലനിര്‍ത്തേണ്ടത് ശിഷ്യന്റെ ആവശ്യമാണ്. അതുകൊണ്ട് ശിഷ്യന്‍ ഗൃഹസ്ഥനായി കഴിഞ്ഞാല്‍ തന്റെ അദ്ധ്വാനത്തിന്റെ ഫലം ഗുരുകുലത്തിന് തിരിച്ചു നല്‍കണം. അതും ദക്ഷിണയാണ്. അത് ഭൗതികമാണ്. താന്‍ ജീവിതത്തില്‍ വിജയിച്ചതിനു കാരണം ഈ ഗുരുവില്‍നിന്ന് കിട്ടിയിരിക്കുന്ന വിദ്യാഭ്യാസംകൊണ്ടാണ്. തന്റെ ജീവിതം വിജയിച്ചിട്ടാണ് ഫലം നല്‍കുക; പരാജയപ്പെട്ടിട്ടല്ല. തന്റെ ജീവിതം സമൃദ്ധമാകണം. ആ സമൃദ്ധിയുടെ അംശം ആണ് നല്‍കേണ്ടത്. ഇല്ലെങ്കില്‍ അത് പാപമാണ്. തന്റെ സമൃദ്ധിയുടെ അംശം ഗുരുവിന് നല്‍കണം. ഇല്ലെങ്കില്‍ സമൂഹത്തിന് കൊടുക്കണം. അവിടെയാണ് ഭഗവത് ഗീതയില്‍ ഭഗവാന്‍ പറഞ്ഞിരിക്കുന്നത്,

‘യജ്ഞ ശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്‍ബിഷാല്‍’ യജ്ഞ ശിഷ്ടം കഴിച്ചാല്‍ എല്ലാ പാപങ്ങളും തീരു എന്നതിന്റെ പ്രസക്തി. ഇല്ലെങ്കിലോ? ഗുരുവില്‍നിന്നു കിട്ടിയ ജ്ഞാനവും വിജ്ഞാനവും തന്റെ മാത്രം ഗുണത്തിനുവേണ്ടി വിനിയോഗിച്ചാലോ? അത് പാപമാണ്. അതുകൊണ്ട് പാപമുക്തനാവണമെങ്കില്‍ – അമൃതമാകണമെങ്കില്‍ താനെന്ത് അനുഭവിക്കുന്നുവോ അതിന്റെ അംശം തിരിച്ചുകൊടുക്കണം; നിര്‍ബന്ധമായിട്ടും. അങ്ങനെ കൊടുക്കുന്നതാണ് ദക്ഷിണ. അല്ലാതെ, സമൃദ്ധിയില്ലാതെ കടം വാങ്ങി നല്‍കേണ്ടതല്ല ദക്ഷിണ. അതൊന്നും ശരിയല്ല. ജീവിതം സമൃദ്ധമാവണം. സമൃദ്ധിക്ക് വേണ്ടിയാണ് ഗുരുവിന്റെ ഉപദേശം. ആത്മീയവും ഭൗതികവും ആയ എല്ലാ വശങ്ങളും സമൃദ്ധമാവണം. എന്നിട്ട് അതിന്റെ അംശം നല്‍കണം. കേവലം പണം സ്വരൂപിച്ച് നല്‍കലല്ല ദക്ഷിണ. കഷ്ടപ്പെട്ട് കൊടുക്കുന്നതല്ല ദക്ഷിണ. കഷ്ടപ്പെട്ടു കൊടുക്കണമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് കൊടുക്കേണ്ടതുമല്ല. ഇതൊന്നും ശരിയായ മാര്‍ഗ്ഗവും രീതിയുമല്ല.

COMMENT ON NEWS

Please enter your comment!
Please enter your name here