ഗുരുവായൂര്‍: ആയിരത്തിലേറെ നിറപറയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി ഭക്തിസാന്ദ്രമായി. ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവിലെ ”പിള്ളേര്” താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങളാണ് ഭഗവതിയുടെ അനുഗ്രഹം തേടിയത്. നാട്ടുകൂട്ടായ്മയുടെ വകയായിട്ടായിരുന്നു, ”പിള്ളേര്” താലപ്പൊലി മഹോത്സവം ആഘോഷിച്ചത്.

ADVERTISEMENT

രാവിലെ ക്ഷേത്രത്തില്‍ നടന്ന കാഴ്ച്ചശീവേലിക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ പൊന്നിന്‍തിടമ്പേറ്റി. ഉച്ചക്കുള്ള പഞ്ചവാദ്യത്തോടേയുള്ള പുറത്തക്കെഴുന്നള്ളിപ്പിലും ഇന്ദ്രസെന്‍ ഭഗവതിയുടെ തിടമ്പേറ്റി. കൊമ്പന്മാരായ ദാമോദര്‍ദാസും, ശ്രീധരനും പറ്റാനകളായി. തുടര്‍ന്ന് നടന്ന പറയെടുപ്പില്‍ നൂറുകണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹമേറ്റുവാങ്ങി. ചുവപ്പ് പട്ടണിഞ്ഞ് ഭഗവതിയുടെ വാളും, ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ പറ സ്വീകരിച്ചു. ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്, അരി, മലര്‍, അവില്‍, പൂവ്വ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച് 1001 പറകള്‍ ചൊരിഞ്ഞ് പൂക്കളെറിഞ്ഞാണ് കോമരം ഭക്തജനത്തിന് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്. അയലൂര്‍ അനന്തനാരായണനും, അകതിയൂര്‍ ഹരീഷ് നമ്പൂതിരിയും പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയപ്പോള്‍, മേളത്തോടേയുള്ള മടക്കമെഴുന്നെള്ളിപ്പിന് കോട്ടപ്പടി സന്തോഷ് മാരാരും, ഗുരുവായൂര്‍ ശശിമാരാരും അകമ്പടിയായി. 1001-നിറപറകള്‍ വെച്ച് ഭഗവതിയെ വരവേല്‍ക്കാനായി കിഴക്കേനടപ്പുരയില്‍ അലങ്കാരങ്ങളും, വിതാനങ്ങളും നേരത്തേ ഒരുങ്ങിയിരുന്നു.

ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് വാഴുന്ന ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍ പൂജകള്‍ നേരത്തെ അവസാനിപ്പിച്ച കണ്ണന്റെ ശ്രീലകം രാവിലെ 11-30ന് അടച്ചു. തുടര്‍ന്ന് വാല്‍കണ്ണാടിയും, തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി. മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ഗോപുരത്തിന് സമീപമെത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. തുടര്‍ന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണവും, രാത്രി 10-ന് പുറത്തേക്കെഴുന്നെള്ളിപ്പിന് ശേഷം കളംപാട്ടും നടന്നു. താലപൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകചാര്‍ത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു.

മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ അഷ്ടപദി, ഭക്തിപ്രഭാഷണം, തിരുവാതിരക്കളി, മോഹിനിയാട്ടം, നൃത്തനൃത്ത്യങ്ങള്‍ എന്നിവയും, വൈകീട്ട് 6.30-ന് പിന്നണി ഗായകന്‍ മധുബാലകൃഷ്ണന്‍, ടി.എസ്. രാധാകൃഷ്ണജി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഭക്തിഗാനമേളയും അരങ്ങേറി . ക്ഷേത്ര നടയിലെ വിവാഹ മണ്ഡപത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള വേലി കെട്ട്‌ പറ നിറക്കാന്‍ എത്തിയവര്‍ക്ക് ഏറെ അസൗകര്യം സൃഷ്ടിച്ചു . മുന്‍ കാലങ്ങളില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് വിവാഹ മണ്ഡപങ്ങള്‍ മാറ്റിയിട്ട് ആഘോഷം കഴിഞ്ഞാല്‍ പൂര്‍വ സ്ഥിതിയില്‍ ഇടാറുമുണ്ട് . മണ്ഡപത്തിന് ചുറ്റും വേലി സ്ഥാപിച്ചതോടെ ഇത്തവണ അതിന് സാധിച്ചില്ല . നൂറ്റാണ്ടിലേറെ പഴക്കമുള്ള നാട്ടുകാരുടെ താലപ്പൊലിയാണ് പിള്ളേർ താലപ്പൊലി.

COMMENT ON NEWS

Please enter your comment!
Please enter your name here