തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാദേശ പൊങ്കാലയ്ക്ക് ആയിരങ്ങൾ

228

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാദേശ പൊങ്കാലയ്ക്ക് നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. മണ്ഡല സമാപനത്തിന്റെ ഭാഗമായി ചെറു താലപൊലിയോടനുബന്ധിച്ചു നടന്ന പൊങ്കാലയിൽ ആയിരത്തിലേറെ സ്ത്രീകൾ പൊങ്കാല അർപ്പിച്ചു. രാവിലെ ഏഴിന് ക്ഷേത്രാങ്കണത്തിൽ ഗുരുവായൂർ ക്ഷേത്രം മുൻമേൽശാന്തി കക്കാട് ദേവൻ നമ്പൂതിരി, മേൽശാന്തി ഭാസ്കരൻ നമ്പൂതിരി എന്നിവർ പണ്ഡാര അടുപ്പിൽനിന്നു അഗ്നി പകർന്നു നല്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
നേരത്തെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കോട്ടപ്പടി സന്തോഷ് മാരാരുടെ വാദ്യം, ഗുരുവായൂർ മുരളിയുടെ നാദസ്വരവും മാതൃസമിതിയുടെ നാമജപ പാരായണം എന്നിവ അകമ്പടിയായി. പൊങ്കാലക്കെത്തിയ ഭക്തർക്ക് പ്രഭാത ഭക്ഷണവും പ്രസാദഊട്ടും നൽകി. ക്ഷേത്ര ഭാരവാഹികളായ പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശശി വാരാണാട്ട്, ശിവൻ കാണിച്ചാടത്, പി. ഹരിനാരായണൻ, ഹരി കൂടത്തിങ്കൽ, പ്രേമ വിശ്വനാഥൻ, ബിന്ദു നാരായണൻ, എ. വിനോദ് കുമാർ തുടങ്ങിയവർ പൊങ്കാലക്ക് നേതൃത്വം നൽകി.