ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച്, ‘പൈതൃകം ഗുരുവായൂർ’ കർമ്മ പഥത്തിൽ മികവു തെളിയിച്ച മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും നൽകിവരാറുള്ള “കർമ്മശ്രേഷ്ഠ” പുരസ്ക്കാരം വിദ്യാഭ്യാസ വിചക്ഷണനും, ഹിമാലയ യാത്രികനുമായ ശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാടിന്, പ്രൗഢഗംഭീരമായ വേദിയേയും സദസ്സിനേയും സാക്ഷിനിർത്തി മെട്രോമാൻ ഇ.ശ്രീധരൻ സമ്മാനിച്ചു.

അടുത്ത മാസം നൂറ്റിഒന്നാം ജന്മദിനമാഘോഷിക്കുവാൻ തയ്യാറെടുക്കുന്ന അദ്ദേഹം നൂറാമത്തെ വയസ്സിലടക്കം 30 തവണ ഹിമാലയം യാത്ര നടത്തി അത്യപൂർവ്വ ചരിത്രം സൃഷ്ടിക്കുകയും, തദ്വാരാ, ഭാരതീയ പൈതൃക സന്ദേശം ജനഹൃദയങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീ. ചിത്രൻ നമ്പൂതിരിപ്പാട്.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ഭദ്രദീപം തെളിയിച്ചു സമാരംഭിച്ച ചടങ്ങ് പത്മവിഭൂഷൻ ഡോ. ഇ.ശ്രീധരൻ ഉത്ഘാടനം ചെയ്തു. സംപൂജ്യ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും തുടർന്ന് ഗീതാജ്ഞാനയജ്ഞവും നടത്തി. പ്രഭാഷ നടത്തി.

ദുബായിൽ നിന്നും സംപൂജ്യ സ്വാമി ഉദിത് ചൈതന്യാജി വീഡിയോകോളിലൂടെ ചടങ്ങിന് ആശംസകളർപ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തി.

സ്വാഗതസംഘം ചെയർമാൻ ഡോ. കെ.ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സർവ്വശി. അഡ്വ. രവി ചങ്കത്ത്, അഡ്വ: രാജഗോപാലൻമധു കെ.നായർ, കെ.കെ.ശ്രീനിവാസൻ, അയിനിപ്പുള്ളി വിശ്വനാഥൻ ശ്രീകുമാർ പി നായർ, കെ.കെ.വേലായുധൻ, ഐ.പി.രാമചന്ദ്രൻ ,ബാല ഉള്ളാട്ടിൽ ഡോ.കെ.ബി. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ബി. പ്രഭാകരന്റെ അഗ്നിഹോത്രത്തോടെയാണ് സാംസ്ക്കാരികോത്സവം തുടങ്ങിയത്. ക്ഷേത്ര നടയിൽ സ്വാമി ആദ്ധ്യാത്മാനന്ദസരസ്വതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ ഭഗവദ് ഗീത പുസ്തകങ്ങളും പട്ടും കദളി പഴവുമായി എത്തി സമർപ്പണം നടത്തിയതോടെ ഒരാഴ്ച്ച നീണ്ടു നിന്ന ഏകാദശി സാംസ്ക്കാരികോൽസവത്തിന് സമാപനമായി

LEAVE A REPLY

Please enter your comment!
Please enter your name here