ഗുരുവായൂര്‍ : ഗുരുപവനപുരിയെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന ചെമ്പൈ സംഗീതോത്സവം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയതു. ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഉഴമലക്കല്‍ വേണുഗോപാല്‍, പി ഗോപിനാഥ്, കെ കെ രാമചന്ദ്രന്‍, കെ വിജയന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

ഞായറാഴ്ച രാവിലെ 7ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്രം തന്ത്രി സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്ന ശേഷമാണ് സംഗീതാർച്ചനകള്‍ ആരംഭിക്കുക. ദിവസവും രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന സംഗീതാർച്ചനകള്‍ രാത്രി 12 വരെ നീണ്ടു നില്ക്കും. വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ വിശേഷാല്‍ കച്ചേരികളാണ്. ആകാശവാണിയുടെ റിലേ കച്ചേരികള്‍ ഡിസംബര്‍ നാലിന് ആരംഭിക്കും. രാവിലെ 9 30 മുതല്‍ ഉച്ചക്ക് 12.30 വരേയും രാത്രി 7 35 മുതല്‍ 8 30 വരേയുമാണ് റിലേ കച്ചേരി. പ്രശസ്തരായ സംഗീതജ്ഞരും പാടി തുടങ്ങുന്നവരുമായ മുവായിരത്തോളം സംഗീതജ്ഞരാണ് പതിനഞ്ച് ദിവസങ്ങളിലായി സംഗീതാർച്ചനകള്‍ നടത്തുക.

തുടക്കക്കാർക്കും പ്രശസ്തരായവർ തന്നെയാണ് പക്കമേളം ഒരുക്കുക. കര്ണാടക സംഗീതരംഗത്തെ പ്രഗത്ഭരായ സംഗീതഞ്ജര്‍ ഒന്നിച്ചണിനിരക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം ഡിസംബര്‍ ഏഴിന് രാവിലെ ഒമ്പതു മുതല്‍ 10 വരെ നടക്കും. ഏകാദശി ദിവസമായ ഡിസംബര്‍ എട്ടിന് രാത്രി പത്തിന് തല മുതിർന്ന സംഗീതഞ്ജന്‍ കെ ജി ജയന്‍ (ജയ വിജയ) നയിക്കുന്ന സമാപന കീർത്തനത്തോടെ സംഗീതോത്സവത്തിന് സമാപനമാവും.