32-ാമത് തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവം 2019 കൊടിയേറി

ഗുരുവായൂർ: 32-ാമത് തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവം 2019 കൊടിയേറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാധ്യക്ഷ രേവതി ടീച്ചർ അധ്യക്ഷത വഹിച്ചു.

നവംബർ 19, 20, 21, 22 തിയതികളിലായി ഗുരുവായൂരിൽ നടക്കുന്നു. ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ ഗുരുവായൂർ, ഗവ. ഹയർ സെക്കന്ററി സ്കൂൾ ചാവക്കാട്, എൽ എഫ് ഹയർ സെക്കന്ററി സ്കൂൾ മമ്മിയൂർ, ഗവ. യു പി സ്കൂൾ, ഗുരുവായൂർ, ശിക്ഷക് സദൻ എന്നിവിടങ്ങളിലായി 14 വേദികളിലാണ് മത്സരങ്ങൾ നടക്കുക. തൃശൂർ റവന്യൂ ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളെ പ്രതിനിധാനം ചെയ്ത് നാനൂറോളം സ്കൂളുകളിൽ നിന്നായി ഉപജില്ലാ ജേതാക്കളായ ഏഴായിരത്തോളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക.

യുപി വിഭാഗത്തിൽ 38 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഇനങ്ങളുമാണ് ജനറൽ വിഭാഗത്തിലുള്ളത്. സംസ്കൃതോത്സവത്തിൽ യുപി വിഭാഗത്തിൽ 19 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളും ഉണ്ട്. അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളും ഉണ്ട്.

മേളയ്ക്ക് എത്തുന്ന മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും മൂന്ന് നേരവും ഭക്ഷണം നൽകും. ഉച്ചതിരിഞ്ഞ് ചായയും ചെറു പലഹാരങ്ങളും നൽകും. നാലായിരത്തോളം പേർ ഒരോ ദിവസവും ഭക്ഷണം കഴിക്കും. നവംബർ 18 തിങ്കളാഴ്ച അത്താഴത്തോടു കൂടി ഭക്ഷണ വിതരണം ആരംഭിക്കും. മമ്മിയൂർ ക്ഷേത്രത്തിന്റെ കൈലാസം ഹാളാണ് ഭക്ഷണശാലയായി പ്രവർത്തിക്കുക. വിവിധ വേദികളിൽ നിന്ന് ഭക്ഷണശാലയിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.

നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് സമാപന സമ്മേളനം. ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആണ് ഉദ്ഘാടകൻ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളാണ് കലോത്സവത്തിന്റെ മുഖ്യ ചുമതലക്കാർ. വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ 16 കമ്മറ്റികളാണ് കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കിയാണ് മേള നടത്തുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *