ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ഇന്ന് . രാവിലെ 9.10 മുതൽ 9.49 വരെയുള്ള മുഹൂർത്തത്തിലാണ് ചടങ്ങ്. ഏഴര പിന്നിട്ടാൽ പന്തീരടിപൂജ നിവേദ്യം പറയുന്നതോടെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനനിയന്ത്രണം തുടങ്ങും. നിറയുടെ ചടങ്ങുകൾ പൂർത്തീകരിച്ചശേഷം പത്തരയോടെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.

ADVERTISEMENT

നെൽക്കതിർക്കറ്റകൾ അവകാശികളായ മനയത്ത്, അഴിക്കൽ കുടുംബാംഗങ്ങൾ കിഴക്കേഗോപുരനടയിൽ സമർപ്പിക്കും. ആയിരത്തോളം കതിർക്കറ്റകൾ സന്നിധിയിലെത്തും. അവകാശികൾക്ക് പുറമേ പഴുന്നാനയിലെ കർഷകരായ ആലാട്ട് വേലപ്പനും കൃഷ്ണൻകുട്ടിയും മറ്റു ഭക്തരും കതിർ എത്തിക്കും.

ശാന്തിയേറ്റ കീഴ്ശാന്തി കതിരിൽ തീർത്ഥം തളിച്ച് സ്വീകരിക്കും. അറുപതോളം കീഴ്ശാന്തിക്കാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്രം പ്രദക്ഷിണംചെയ്ത് നാലമ്പലത്തിലെ നമസ്‌കാരമണ്ഡപത്തിൽ സമർപ്പിക്കും. ആൽ, മാവ്, പ്ലാവ്, നെല്ലി, കാഞ്ഞിരം എന്നിവയുടെ ഇലകളും ദശപുഷ്പങ്ങളും അടങ്ങിയ നിറകോപ്പിലാണ് കതിർസമർപ്പണം. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി കതിരിനെ മഹാവിഷ്ണു-മഹാലക്ഷ്‌മിയായി സങ്കല്പിച്ച് പൂജിക്കും. ഒരു കെട്ട് കതിർ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചശേഷം പട്ട് അണിയിച്ച് ശ്രീലകത്ത് സ്ഥാപിക്കും. ക്ഷേത്രത്തിലെ ഉപദേവശ്രീകോവിലുകളിലും ഇല്ലംനിറ നടത്തും.

ബുധനാഴ്‌ചയാണ് ക്ഷേത്രത്തിൽ തൃപ്പുത്തരി. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് പുത്തരിപ്പായസം ശീട്ടാക്കാനുള്ള പ്രത്യേക കൗണ്ടർ തുറക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here