ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ദേശപൊങ്കാല വെള്ളിയാഴ്ച
ഗുരുവായൂർ: ഗുരുവായൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ദേശപൊങ്കാല, ക്ഷേത്രത്തില്‍ മെയ് 3 മുതല്‍ 13 വരെ നവീകരണ കലശത്തിന്റെ യജ്ഞ പരിപാടികള്‍ നടക്കുന്നതിനാല്‍, 24.05.2019 വെള്ളിയാഴ്ച യിലേക്ക് മാറ്റിയിരിക്കുന്നു. ക്ഷേത്രം മാതൃസമിതിയാണ് പൊങ്കാല ഒരുക്കുന്നത്.
നെടുമംഗല്യത്തിനും, കുടുംബഭദ്രതക്കും ആയുരാരോഗ്യസൗഖ്യത്തിനും, സമ്പല്‍സമൃദ്ധിക്കും, ഐശ്വര്യത്തിനും വേണ്ടി ഉമാമഹേശ്വര പ്രീതിക്കും അനുഗ്രഹത്തിനുമായി വൃതശുദ്ധിയോടെ വീട്ടമ്മമാര്‍ നടത്തുന്ന പൊങ്കാല സമര്‍പ്പണം നിരവധി സവിശേഷതകളാല്‍ വേറിട്ട് നില്ക്കുന്നു. പൊങ്കാല ഇടാന്‍ ആഗ്രഹിക്കുന്നവര്‍ മാതൃസമിതിയിലോ, ക്ഷേത്രം കൗണ്ടറിലോ 50 രൂപ അടച്ച് മുന്‍കൂട്ടി രശീതി വാങ്ങേണ്ടതാണ്. 24-05-2019ന് കാലത്ത് 7 മണിക്ക് കേരളീയ വേഷം ധരിച്ച് വിറക് അടക്കമുള്ള പൊങ്കാലക്ക് വേണ്ടതായ എല്ലാ സാധനങ്ങളുമായി ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരേണ്ടതാണ്. കൃത്യം 8 മണിക്ക് ആചാര വെടി മുഴങ്ങിയാല്‍ പരിഷമേളത്തിന്റെ അകമ്പടിയോടെ പണ്ടാര അടുപ്പില്‍ നിന്നും അഗ്നി ചൈതന്യം പ്രത്യേകം സജ്ജീകരിച്ച പൊങ്കാല മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകര്‍ന്ന് പ്രോജ്ജ്വലനം ചെയ്യുന്നതും പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് ക്ഷേത്രം തന്ത്രി, മേല്‍ശാന്തി, ആചാര്യന്മാര്, വിശിഷ്ടാതിഥികള്‍, കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ഓരോ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നിദേവന്റെ പൊന്‍നാളങ്ങള്‍ പകര്‍ന്ന് നല്‍കുന്നതും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാല തയ്യാറാക്കേണ്ടതും തയ്യാറായിക്കഴിഞ്ഞാല്‍ നാക്കില കൊണ്ട് പൊങ്കാല അടച്ച് വെച്ച് പ്രാര്‍ത്ഥനാ നിമഗ്നരായി പങ്കെടുക്കുന്നവര്‍ തൊഴുകൈകളോടെ അവരവരുടെ കലത്തിന് മുന്നില്‍തന്നെ നില്‍ക്കേണ്ടതും, തയ്യാറാക്കിയ പൊങ്കാല കലങ്ങളില്‍ ആചാര്യന്മാര് കവുങ്ങിന് പൂക്കുലകൊണ്ട് ഗംഗാതീര്‍ത്ഥം തളിച്ച് ദേവിക്ക് സമര്‍പ്പണത്തിന് ശുദ്ധമാക്കുന്നതും, പൊങ്കാല കലങ്ങളുമായി പങ്കെടുത്തവര്‍ ക്ഷേത്രം പ്രദക്ഷിണം വെച്ച് മണ്ഡപത്തിന് മുന്നില്‍ ഇറക്കിവെച്ച് ദക്ഷിണവെച്ച് സമര്‍പ്പണം ചെയ്യുന്നതോടെ 9.30 ന് പൊങ്കാല ചടങ്ങുകള്‍ പര്യവസാനിക്കുന്നതാണ്. 23.05.2019 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് ദേശപൊങ്കാലയുടെ ദേശശുദ്ധി ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
പൊങ്കാല സമര്‍പ്പണത്തിനുശേഷം 101 വനിതകള്‍ ഒരുമിച്ച് വായിക്കുന്ന ദേവീഭാഗവതയജ്ഞവും ഉണ്ടായിരിക്കുന്നതാണെന്ന് ചാമുണ്ഡേശ്വരി ക്ഷേത്ര ഭരണസമിതി അറിയിച്ചു.