ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ അദ്ധ്യായന നിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഭരണസമിതി അംഗം ശ്രീ.കെ.കെ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂളില്‍ 11.03.2019 ന് ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്ത് സമര്‍പ്പിച്ച ശുപാര്‍ശകള്‍ 2019-2020 അദ്ധ്യായന വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തുന്നതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തികൊണ്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ എസ്.വി. ശിശിര്‍ ഉത്തരവു പുറപ്പെടുവിച്ചു.
നടപടികള്‍ താഴെ കൊടുക്കുന്നു.

  1. സ്‌കൂളിന്റെ പ്രവൃത്തി സമയം നിലവില്‍ 8 am – 1.30 pm ആണ്. അത് 6 മണിക്കൂര്‍ പഠന സമയം ലഭിക്കും വിധം 9 am മുതല്‍ 3 pm വരെയാക്കി മാറ്റി. ഇതിനു പുറമെ Remedial Class, Special Class എന്നിവ നടത്തുന്നതിന് എല്ലാ മാസവും 2 ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളാക്കുന്നതാണ്.
  2. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ഉച്ചയ്ക്കു ശേഷമുള്ള 2 പിരിയഡുകള്‍ കരാട്ടെ, ക്ലബ് പ്രവര്‍ത്തനങ്ങള്‍, സംഗീത ഉപകരണം പരിശീലനം, പ്രത്യേക ദിനങ്ങള്‍ ആചരിക്കല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നതാണ്. ഇക്കാര്യങ്ങള്‍ക്കായി പുറമെ നിന്നും വരുന്ന പരിശീലകര്‍ക്ക് നല്‍കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അഡ്മിനിസ്‌ട്രേറ്ററുടെ അനുമതിക്ക് വിധേയമായി ഫീ ഈടാക്കും.
  3. 6 മുതല്‍ 12 കൂടിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.ഇ. നിര്‍ബന്ധമാക്കിയിട്ടുള്ള യോഗ ക്ലാസ് നടത്തും.
  4. സ്‌കൗട്ട് & ഗൈഡ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
  5. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കായിക, പരിശീലനവും മാസ് PT യും നല്‍കുന്നതിന് ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
  6. സ്മാര്‍ട്ട് ക്ലാസ്സ് സ്‌കൂളിന് അനുവദിച്ചിട്ടുള്ളതിന്റെ Demonstration നടത്തുന്നതിനും അദ്ധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി.
  7. അദ്ധ്യാപകര്‍ക്ക് വൈറ്റ് ഓവര്‍കോട്ടും അനദ്ധ്യാപകര്‍ക്ക് ആഷ് കളര്‍ ഓവര്‍കോട്ടും ഏര്‍പ്പെടുത്തി.
    മേല്‍ വിവരങ്ങള്‍ താങ്കളുടെ മാധ്യമത്തില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്നതിന് താല്പര്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here