തൃശ്ശൂർ പൂരത്തിന് കനത്ത സുരക്ഷ

0
254

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനെത്തുന്നവർ ബാഗുകൾ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പൂരത്തിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളും പൂരം കാണാനെത്തുന്നവർക്ക് മതിയായ സൗകര്യങ്ങളും ഒരുക്കും. പൂരദിവസത്തെ പ്രവർത്തനങ്ങൾക്കായി തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

മേയ് 11ന് സാമ്പിൾ വെടിക്കെട്ടു മുതൽ പൂരപ്പിറ്റേന്നത്തെ വെടിക്കെട്ടു വരെ കർശന നിയന്ത്രണത്തിൽ നടത്തും.

14ന് പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ടിന് മണിക്കൂറുകൾക്കു മുൻപു തന്നെ ആളുകളെ സ്വരാജ് റൗണ്ടിൽ നിയന്ത്രിക്കും. പൂരദിവസം തെക്കോട്ടിറക്കത്തിന്റെ സമയത്ത് തെക്കെഗോപുര നടയിലെ മതിലിനു മുകളിൽ ആളുകൾ കയറാൻ അനുവദിക്കില്ല. പൂരദിവസം തേക്കിൻകാട് മൈതാനത്ത് അനധികൃതമായി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് നടത്തുന്ന കച്ചവടം നിരോധിക്കാനും തീരുമാനമായി.

പൊലീസിനെ കൂടാതെ ഫയർ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ് സേനകളെയും വിനിയോഗിക്കും. ഇവരെ കൂടാതെ പൂരത്തിനെത്തുന്നവർക്കു സുരക്ഷ ഒരുക്കാൻ പോലീസ് സെക്യൂരിറ്റി, ദേവസ്വം സെക്യൂരിറ്റി വിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു.

മെയ്‌ 9 ന് വൈകിട്ട് 3 മണിക്ക് തിരുവമ്പാടി ബിൽഡിംഗിലുള്ള നന്ദനം ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ നടത്തുമെന്നും കളക്ടർ അറിയിച്ചു.

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പൂരമായതിനാൽ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് പൂരപ്പറമ്പിൽ നിരോധനം ഏർപ്പെടുത്തി. തേക്കിൻകാട് മൈതാനത്തിനു ചുറ്റും പരിസരത്തും കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിച്ച് ആളുകൾക്ക് ദാഹമകറ്റാനുള്ള സൗകര്യവും ഒരുക്കും. കൂടാതെ മൈതാനത്തുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള സൗകര്യവും ഉപയോഗപ്പെടുത്തും.

പൂരപ്പറമ്പിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഒരുക്കുന്ന ശൗചാലയങ്ങൾ വൃത്തിയായി നിലനിറുത്തും. പൂരം കഴിഞ്ഞ് ശുചിത്വമിഷൻ, കോർപറേഷൻ എന്നിവയുടെ നേതൃത്വത്തിൽ തേക്കിൻകാട് വൃത്തിയാക്കും. മൈതാനത്ത് ഏതു സമയത്തും ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാ സൗകര്യവും പൂരപ്പറമ്പിൽ പ്രാഥമിക ചികിത്സാസൗകര്യങ്ങളും ഏർപ്പെടുത്തും.

പൂരദിവസമായ മെയ്‌ 13ന് തൃശൂർ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര, സംസ്ഥാന, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here