തൃശൂർ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങൾ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദർശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദർശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തിൽ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു് ഏകദേശം ഒരു മാസം മുമ്പേ തേക്കിങ്കാടു മൈതാനത്തിന്റെ വടക്കുകിഴക്കു ഭാഗത്തു്, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദർശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്.

പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നാൽപ്പത്തിമൂന്നാമത് പ്രദർശനമാണ് 2007 ലേത്.

1932-ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933-ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം. 1948 വരെ യുവജന സമാജത്തിൻറെ നേതൃത്വത്തിൽ തുടർന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ൽ പ്രദർശനം ഉണ്ടായില്ല. അടുത്ത വർഷം മുതൽ 1962 വരെ നഗരസഭയാണ് പ്രദർശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദർശനം നിലച്ചു. 1962-ൽ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശ്ശൂർ പൂരം വേണ്ടെന്നു വെച്ചിരുന്നു.

1963-ൽ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്സിബിഷൻ നടത്തിയത്. പൂരത്തിന് വീതം നൽകാൻ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നു് ആവർഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്. തുടർന്നു് 1964ൽ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൂരം പ്രദർശനം പുനരാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here